പഞ്ചായത്ത് യോഗം നടത്താൻ കുട്ടികളെ മാറ്റിയത് കഞ്ഞിപ്പുരയിലേക്ക്; ചൂട് സഹിക്കാനാകാതെ അലറിക്കരഞ്ഞ് വിദ്യാർത്ഥികൾ,
തിരുവനന്തപുരം: പഞ്ചായത്തിന്റെ തൊഴിലുറപ്പ് സോഷ്യൽ ഓഡിറ്റ് യോഗം നടത്തുന്നതിനായി സ്കൂൾ വിദ്യാർത്ഥികളെ മാറ്റിയത് പാചകപ്പുരയിലേക്ക്. മാരായമുട്ടം തത്തിയൂർ സർക്കാർ സ്കൂളിലാണ് സംഭവം. പാചകപ്പുരയിലെ ചൂട് കാരണം കുട്ടികൾ കരഞ്ഞതോടെ നാട്ടുകാർ ഇടപെടുകയും കുട്ടികളെ മറ്റൊരിടത്തേക്ക് മാറ്റുകയും ചെയ്തു. പെരുങ്കടവിള പഞ്ചായത്തിലെ മൂന്നോളം വാർഡുകളുടെ യോഗമായിരുന്നു നടന്നത്.സ്കൂളിൽ രണ്ട് ക്ളാസുകൾ നടക്കുന്ന ഹാളിലാണ് പഞ്ചായത്തിന്റെ യോഗം നടത്തിയത്. ഈ ക്ളാസിലെ വിദ്യാർത്ഥികളെ കഞ്ഞിപ്പുരയിലേക്ക് മാറ്റുകയായിരുന്നു. ഒടുവിൽ ചൂട് സഹിക്കാനാകാതെ കുട്ടികൾ കരയുകയും നാട്ടുകാർ ഇടപെടുകയും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് എ ഇ ഒ സ്കൂളിൽ എത്തി യോഗം തടയുകയായിരുന്നു.കഴിഞ്ഞ ഒരു മാസത്തിനിടെ നടക്കുന്ന മൂന്നാമത്ത യോഗമായിരുന്നു ഇത്. ഇത്തരത്തിൽ യോഗം നടക്കുമ്പോഴെല്ലാം കുട്ടികളെ മാറ്റുന്നത് പതിവായിരുന്നു. എന്നാൽ സ്കൂൾ പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണെന്നും യോഗം നടത്താനുള്ള അധികാരം പഞ്ചായത്തിനുണ്ടെന്നും എ ഇ ഒ പറയുന്നു. സംഘർഷാവസ്ഥ കണക്കിലെടുത്ത് 12 മണിയ്ക്ക് നടത്താൻ നിശ്ചയിച്ചിരുന്നു യോഗം എ ഇ ഒ ഇടപെട്ട് മാറ്റി.