ഫോണിൽ നിന്ന് കളഞ്ഞത് സ്വകാര്യ സംഭാഷണങ്ങൾ, വീട്ടുജോലിക്കാരന്റെ മൊഴി വാസ്തവ വിരുദ്ധമെന്നും ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് ഫോണിലെ തെളിവുകൾ നശിപ്പിച്ചെന്ന ആരോപണം തെറ്റാണെന്ന് ദിലീപ്. ഫോണിൽ നിന്ന് കളഞ്ഞത് കേസുമായി ബന്ധമില്ലാത്ത സ്വകാര്യ സംഭാഷണങ്ങളാണെന്നാണ് നടന്റെ വാദം. എഫ് ഐ ആർ റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതിയിൽ വിശദീകരണം നൽകവെയാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്.ഫോണുകളുടെ ഫോറൻസിക് പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ല. ഫോറൻസിക് റിപ്പോർട്ടും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണവും തമ്മിൽ വൈരുദ്ധ്യമുണ്ട്. ലാബിൽ നിന്ന് കണ്ടെടുത്ത മിറർ ഇമേജും ഫോറൻസിക് റിപ്പോർട്ടും തമ്മിൽ വ്യത്യാസമില്ലെന്നും ദിലീപ് ഹർജിയിൽ പറഞ്ഞു. വീട്ടിലെ ജോലിക്കാരനായിരുന്ന ദാസന്റെ മൊഴി വാസ്തവവിരുദ്ധമാണെന്നും നടൻ ആരോപിച്ചു. ദാസൻ അഭിഭാഷകനായ രാമൻ പിള്ളയുടെ ഓഫീസിലെത്തിയെന്ന് പറയുന്ന ദിവസം അദേഹത്തിന് കൊവിഡായിരുന്നു. ഇത് സാധൂകരിക്കുന്ന കൊവിഡ് സർട്ടിഫിക്കറ്റും ദിലീപ് ഹാജരാക്കി. ദാസൻ 2020 ഡിസംബർ 26ന് ജോലി ഉപേക്ഷിച്ചിരുന്നു. 2021 ഒക്ടോബറിൽ തന്റെ വീട്ടിലെ സംഭാഷണം കേട്ടുവെന്ന് പറയുന്നത് വാസ്തവ വിരുദ്ധമാണെന്നും ദിലീപ് വാദിക്കുന്നു.അതേസമയം, ദിലീപിന്റെ അഭിഭാഷകനായ അഡ്വ.ബി രാമൻ പിള്ളക്കെതിരെ ആക്രമിക്കപ്പെട്ട നടി ബാർ കൗൺസിലിൽ പരാതി നൽകി. സാക്ഷിയെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും അഭിഭാഷകൻ ശ്രമിച്ചെന്നാണ് നടി പരാതി നൽകിയത്. അഭിഭാഷകരായ ഫിലിപ് ടി വർഗീസ്, സുജേഷ് മേനോൻ എന്നിവർക്കെതിരെയും നടി പരാതി നൽകി. ഇവർക്കെതിരെ നടപടി സ്വീകരിക്കണം എന്നാണ് നടി ആവശ്യപ്പെടുന്നത്.
;