അഞ്ച് പവനും 67,500 രൂപയും മോഷ്ടിച്ചു; ഒരു മാസം തികയും മുമ്പ് കള്ളൻ ചെയ്തത് കണ്ട് അത്ഭുതത്തോടെ നാട്ടുകാരും വീട്ടുകാരും!
മലപ്പുറം: 20 ദിവസം മുമ്പാണ് ഒലിപ്രം കടവിന് സമീപമുള്ല വീട്ടിൽ പട്ടാപകൽ സ്വർണവും പണവും മോഷണം പോയത്. നാല് പവന്റെ മാലയും ഒരു പവന്റെ മോതിരവും 67,500 രൂപയുമാണ് അബൂബക്കർ മുസ്ലിയാരുടെ വീട്ടിൽ നിന്നും കള്ലൻ എടുത്തത്. എന്നാൽ മോഷണം പോയ പണവും സ്വർണവും ഇപ്പോൾ വീട്ടിൽ തിരികെ എത്തിയിരിക്കുകയാണ്.അബൂബക്കറിന്റെ ഭാര്യ റാബിയ മാത്രം വീട്ടിലുണ്ടായിരുന്ന സമയത്താണ് മോഷണം നടന്നത്. കുളികഴിഞ്ഞെത്തിയ ഇവർ വീടിന്റെ വാതിലും അലമാരയും തുറന്നു കിടക്കുന്നത് കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആഭരണവും പണവും നഷ്ടപ്പെട്ട കാര്യം അറിയുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. അന്വേഷണം നടക്കുന്നതിനിടെയാണ് തിങ്കളാഴ്ച രാത്രി കിടപ്പുമുറിയിൽ നിന്നും സ്വർണവും പണവും തിരികെ ലഭിച്ചത്. ചൂടായതിനാൽ മുറിയുടെ ജനൽ പാളി തുറന്ന് വച്ചിരിക്കുകയായിരുന്നു. എട്ട് മണിയോടെ ശബ്ദം കേട്ടതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിൽ ജനലിന് താഴെയായി പണവും സ്വർണവും കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.തുറന്നിട്ട ജനലിലൂടെ മോഷ്ടാവ് തന്നെ പണവും സ്വർണവും തിരികെ കൊണ്ടിട്ടതാവാമെന്നാണ് പൊലീസിന്റെ നിഗമനം. മലപ്പുറത്ത് നിന്നും വിരലടയാള വിദഗ്ദ്ധരുടെ സംഘമെത്തി തെളിവുകൾ ശേഖരിച്ചു. കളവുപോയ പണം പൊലീസിന്റെ സാന്നിദ്ധ്യത്തിൽ തന്നെ വീട്ടുകാർ എണ്ണിത്തിട്ടപ്പെടുത്തി. കള്ലന്റെ പ്രവൃത്തിയാണ് ഇപ്പോൾ നാട്ടിലാകെ ചർച്ചാവിഷയമാകുന്നത്. മോഷണ മുതൽ തിരിച്ചുകിട്ടിയതിൽ സന്തോഷമറിയിച്ച വീട്ടുകാർ പൊലീസിന് നന്ദി അറിയിച്ചു.