തേപ്പ്പെട്ടികൊണ്ട് തലയ്ക്കടിച്ചു, കോളേജിലൂടെ വലിച്ചിഴച്ച് വളഞ്ഞിട്ടാക്രമിച്ചു; പ്രതികരണവുമായി കെഎസ്യു വനിതാ നേതാവ്
തിരുവനന്തപുരം: ലോ കോളേജിൽ ഇന്നലെ നടന്ന എസ്എഫ്ഐ- കെഎസ്യു സംഘർഷത്തിൽ പ്രതികരണവുമായി പരിക്കേറ്റ കെഎസ്യു യൂണിറ്റ് പ്രസിഡന്റ്. തന്നെ കോളേജിലൂടെ വലിച്ചിഴച്ച് വളഞ്ഞിട്ട് ആക്രമിച്ചെന്നും തേപ്പ്പെട്ടികൊണ്ട് തലയക്കടിച്ചെന്നും വനിതാ നേതാവ് പറഞ്ഞു.കഴിഞ്ഞ ദിവസമായിരുന്നു തിരുവനന്തപുരം ലോ കോളേജിലെ യൂണിയൻ ഉദ്ഘാടനം. ശേഷം തന്നെയും ആഷിഖ് എന്ന വിദ്യാർത്ഥിയെയും കോളേജിൽ വച്ച് ആക്രമിച്ചുവെന്നും പിന്നീട് ദേവനാരായണൻ ഉൾപ്പെടെയുള്ള പത്ത് പേരെ വീട്ടിൽ കയറി ആക്രമിച്ചുവെന്നുമാണ് വനിതാ നേതാവിന്റെ ആരോപണം. ഇതിന് മുമ്പും എസ്എഫ്ഐയുടെ ഭാഗത്ത് നിന്ന് ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പരാതി അറിയിച്ചെങ്കിലും യാതൊരു നടപടികളും കൈക്കൊണ്ടില്ലെന്നും അവർ പറഞ്ഞു.വൈകിട്ടോടെയാണ് എസ്എഫ്ഐ- കെഎസ്യു പ്രവർത്തകർ തമ്മിൽ തർക്കം ആരംഭിച്ചത്. ഇതിന്റെ തുടർച്ചയെന്നോണമാണ് രാത്രി ആക്രമണം നടത്തിയത്. വനിതാ നേതാവിനെ വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഒപ്പം മറ്റൊരു വിദ്യാർത്ഥിയെ മതിലിനോട് ചേർത്ത് നിർത്തി മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പൊലീസ് എത്തിയാണ് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.