നിങ്ങളറിഞ്ഞോ, ഐഫിൽ ടവർ വളർന്നു; കൂടിയത് ഇരുപതടി ഉയരം
പാരീസ്: ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എവറസ്റ്റ് വളരുന്ന കഥ നമ്മളെല്ലാം കേട്ടിട്ടുണ്ട്. എന്നാൽ മനുഷ്യൻ നിർമിച്ച ഒരു കെട്ടിടത്തിന് വളർന്നുവെന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ? എന്നാൽ ഇതാ കേട്ടോളൂ, പാരീസിലെ പ്രശസ്തമായ ഐഫിൽ ടവർ വളർന്നു. ഒന്നും രണ്ടും സെന്റിമീറ്ററല്ല, ആറ് മീറ്ററാണ് ഐഫിൽ ടവർ വളർന്നത്. അതായത് ഏകദേശം 20 അടി.അമ്പരക്കണ്ട, ഫ്രാൻസിലെ എഞ്ചിനീയർമാർ ഐഫിൽ ടവർ മുകളിൽ ഒരു ആന്റിന സ്ഥാപിച്ചതോടെയാണ് ഈഫിൽ ടവറിന് ഉയരം കൂടിയത്. ആശയവിനിമയവുമായി ബന്ധപ്പെട്ട് ഒരു ഡിജിറ്റൽ റേഡിയോ ആന്റിനയാണ് കഴിഞ്ഞ ദിവസം ടവറിനു മുകളിലായി സ്ഥാപിച്ചത്. ഇതോടെ 324 മീറ്ററായിരുന്ന (1603 അടി) ഐഫിൽ ടവറിന്റെ ഉയരം 330 മീറ്ററായി (1083 അടി) വർദ്ധിച്ചു. ഹെലികോപ്ടർ ഉപയോഗിച്ചാണ് ആന്റിനയെ ടവറിനു മുകളിൽ ഘടിപ്പിച്ചത്.
1889 മാർച്ച് 31 നാണ് ഐഫിൽ ടവർ ഉദ്ഘാടനം ചെയ്തത്. അന്ന് ടവറിന്റെ ഉയരം 312 മീറ്റർ (1024 അടി) ആയിരുന്നു. അതിനു ശേഷം നിരവധി തവണ ഇതിനു മുകളിൽ സംപ്രേഷണങ്ങൾക്കുള്ള ആന്റിനകൾ മാറ്റി സ്ഥാപിച്ചിട്ടുണ്ട്. ഒരോ ആന്റിനകൾ സ്ഥാപിക്കുമ്പോഴും ടവറിന്റെ ഉയരം മാറാറുണ്ട്.