മുൻകൂർ ജാമ്യം ലഭിച്ച ശേഷം കണ്ടെത്താനായില്ല; നമ്പർ 18 പോക്സോ കേസിൽ അഞ്ജലിയെ കുടുക്കാനുറച്ച് ക്രൈംബ്രാഞ്ച്
കൊച്ചി: നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസിൽ ഹാജരാകാൻ മൂന്നാം പ്രതി അഞ്ജലി റിമാദേവിന് വീണ്ടും നോട്ടീസ് നൽകും. നാളെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് നിർദേശം. നോട്ടീസ് പ്രതിയുടെ കോഴിക്കോടുള്ള വീട്ടിൽ പതിക്കും. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകൻ നോട്ടീസ് അയച്ചിരുന്നെങ്കിലും അഞ്ജലി എത്തിയിരുന്നില്ല. വീട്ടിലെത്തിയാണ് അന്വേഷണ സംഘം കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയിരുന്നത്.കേസിൽ പ്രതികളല്ലെന്ന് ആവർത്തിക്കുമ്പോഴും റോയി വയലാട്ടും കൂട്ടാളി സൈജു തങ്കച്ചനും മുൻ ദിവസങ്ങളിൽ പൊലീസിൽ കീഴടങ്ങിയിരുന്നു. ഇവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്. ഉച്ചയ്ക്ക് ശേഷം ഇവരെ കോടതിയിൽ ഹാജരാക്കും. കോടതി അഞ്ജലിക്ക് മാത്രമാണ് മുൻകൂർ ജാമ്യം നൽകിയിരുന്നത്. ജാമ്യം ലഭിച്ച ശേഷം ഇതുവരെ അവർ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരായിരുന്നില്ല. അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.വയനാട് സ്വദേശിനിയായ അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതിയെ തുടർന്നാണ് കൊച്ചി പൊലീസ് റോയ് വയലാട്ടടക്കമുള്ളവർക്കെതിരെ പോക്സോ കേസെടുത്തത്. കുട്ടിയെ ഹോട്ടലിലെത്തിച്ച് കെണിയിൽപ്പെടുത്താൻ അഞ്ജലി മറ്റ് പ്രതികൾക്ക് ഒത്താശ ചെയ്തെന്നാണ് കേസ്. എന്നാൽ പെൺകുട്ടിയുടെ അമ്മയുമായുള്ല സാമ്പത്തിക തർക്കമാണ് പരാതിക്ക് കാരണമെന്നാണ് പ്രതികൾ കോടതിയിൽ പറഞ്ഞത്.