അബദ്ധത്തിൽ പൊലീസിന് പടം മാറിപ്പോയി, യുവതി ആവശ്യപ്പെട്ടത് 220 കോടിയുടെ നഷ്ടപരിഹാരം
ന്യൂയോർക്ക്: വാണ്ടഡ് പോസ്റ്ററിൽ തെറ്റായ ഫോട്ടോ നൽകി പണി മേടിച്ച് ന്യൂയോർക്ക് പൊലീസ്. ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റിന് പറ്റിയ അബദ്ധം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാകുകയാണ്. അമേരിക്കയിലെ ഒരു പ്രശസ്ത ഇൻഫ്ലുവൻസറായ ഇവാ ലോപ്പസിന്റെ ഫോട്ടോയാണ് വാണ്ടഡ് പോസ്റ്ററിൽ പൊലീസ് തെറ്റായി നൽകിയത്. പൊലീസിനെതിരെ 31 കാരിയായ ഇവർ 220 കോടിയുടെ നഷ്ടപരിഹാര കേസ് ഫയൽ ചെയ്തിരിയ്ക്കുകയാണ്.
2021 ഓഗസ്റ്റിൽ ഫ്ലോറിഡയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് ഇവാ ലോപ്പസിന്റെ ഫോട്ടോ വാണ്ടഡ് പോസ്റ്ററിൽ വന്നത്. ഒരു വലിയ കവർച്ച നടത്തിയ സ്ത്രീയുടെ ഫോട്ടോയ്ക്ക് പകരമാണ് ആ സ്ഥാനത്ത് ഇവാ ലോപ്പസിന്റെ ഫോട്ടോ പൊലീസ് വച്ചത്.
ഈ പോസ്റ്റർ ആദ്യം കണ്ടപ്പോൾ വ്യാജമാണെന്നാണ് താൻ കരുതിയതെന്ന് ഇവർ പറഞ്ഞു. പിന്നീടാണ് പൊലീസിന്റെ ഔദ്യേഗിക പോസ്റ്ററാണെന്ന് മനസിലായതെന്ന് ലോപ്പസ് വ്യക്തമാക്കി. അബദ്ധം പറ്റിയത് ശ്രദ്ധയിൽപ്പെട്ട ഉടനെ പൊലീസ് പോസ്റ്റർ നീക്കം ചെയ്തിരുന്നു.എന്നാൽ ഇവായുടെ ചിത്രമുള്ള പോസ്റ്റർ പെട്ടെന്ന് തന്നെ വലിയ രീതിയിൽ പ്രചരിച്ചു. ദശലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള നിരവധി ബ്ലോഗ് സൈറ്റുകളിൽ ചിത്രം പങ്ക് വയ്ക്കപ്പെട്ടുവെന്ന് ഇവാ ലോപ്പസ് പറഞ്ഞു.
ഇൻസ്റ്റഗ്രാമിൽ 8.4 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള താരമാണ് ഇവാ ലോപ്പസ്.