വിവാഹം നടക്കുന്നില്ല, മന്ത്രവാദി നിർദേശിച്ചത് നരബലി; അയൽവാസിയായ ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി, യുവതിയടക്കം രണ്ട് പേർ പിടിയിൽ
നോയിഡ: ഹോളി ദിനത്തിൽ ഏഴുവയസുകാരിയെ ബലിയർപ്പിക്കുന്നതിനായി തട്ടിക്കൊണ്ടുപോയ രണ്ട് പേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. സോനു ബാൽമിക്കി, കൂട്ടാളിയായ നീതു എന്നിവരാണ് അറസ്റ്റിലായത്. കേസുമായി ബന്ധപ്പെട്ട മൂന്ന് പേർ ഒളിവിലാണ്. കുട്ടിയെ പൊലീസ് കണ്ടെത്തി.പ്രതികളിലൊരാൾ വിവാഹം നടക്കാത്തതിനാൽ ഒരു മന്ത്രവാദിയെ സമീപിച്ചപ്പോൾ ദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനായി നരബലി അർപ്പിക്കണമെന്ന് നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അയൽക്കാരിയായ ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയത്. കേസിൽ മന്ത്രവാദിയായ സത്തേന്ദ്രയെ പ്രതിചേർത്തിട്ടുണ്ടെങ്കിലും ഇയാൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.മാർച്ച് 13നാണ് ചിജർസി സ്വദേശിയായ കുട്ടിയെ കാണാതാവുന്നത്. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനാകാത്തതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. ബഗ്പറ്റ് ജില്ലയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കേസിൽ തുടരന്വേഷണം പുരോഗമിക്കുകയാണ്.