ധൈര്യമുണ്ടെങ്കിൽ ഒറ്റയ്ക്കു വാടാ…!പുടിനെ വെല്ലുവിളിച്ച് എലോൺ മസ്ക്; വേണമെങ്കിൽ ആ കരടിയെക്കൂടെ കൂട്ടിക്കോളൂവെന്നും പരിഹാസം
കാലിഫോർണിയ: റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെ ഒറ്റയ്ക്ക് പോരിനു വിളിച്ച് സ്പേസ് എക്സ് മേധാവി എലോൺ മസ്ക്. കഴിഞ്ഞ മൂന്നാഴ്ചയായി യുക്രെയിനിൽ കടന്നു കയറ്റം നടത്തുന്ന റഷ്യയുടെ പ്രസിഡന്റിനോട് താൻ നേരിട്ട് പോരാടാൻ ആഗ്രഹിക്കുന്നുവെന്ന് ഒരു ട്വീറ്റിലൂടെയാണ് മസ്ക് പറഞ്ഞത്. നേർക്കുനേരുള്ള പോരാട്ടത്തിൽ പുടിന് അയാളുടെ കരടിയെ വേണമെങ്കിലും കൂടെ കൊണ്ടു വരാമെന്നും മസ്ക് പരിഹസിച്ചു.
മസ്കിന്റെ ഈ ട്വീറ്റിനോട് ആദ്യം പ്രതികരിച്ചത് റഷ്യൻ സ്പേസ് ഏജൻസിയായ റോസ്കോസ്മോസിന്റെ മേധാവി ദിമിത്രി റൊഗോസിനാണ്. റഷ്യൻ കവി അലക്സാണ്ടർ പുഷ്കിന്റെ ‘ദി ടെയിൽ ഓഫ് ദി പോപ് ആൻഡ് ഹിസ് വർക്കർ ബാൽഡ’ എന്ന കവിതയിലെ വരികളെ ഉദ്ധരിച്ചുകൊണ്ടായിരുന്നു റൊഗോസിന്റെ മറുപടി ട്വീറ്റ്. ‘ചെകുത്താനെ നീ ഇപ്പോഴും ചെറുപ്പമാണ്, എന്നേക്കാൾ ബലഹീനനും. ഇത് സമയം പാഴാക്കുകയേ ഉള്ളു. ആദ്യം നീ എന്റെ സഹോദരനുമായി പോരാടി ജയിക്കുക’, ഈ വരികളുപയോഗിച്ചാണ് റൊഗോസിൻ മസ്കിന് മറുപടി കൊടുത്തത്. എന്നാൽ രസകരമായ ഒരു ട്രോൾ ഉപയോഗിച്ചാണ് മസ്ക് തിരിച്ചടിച്ചത്. വ്ളാദിമിർ പുടിൻ കരടിയെ സവാരി ചെയ്യുന്നതും തൊട്ടപ്പുറത്ത് മസ്ക് തീജ്വാല പുറന്തള്ളുന്ന ഒരു തോക്കുമായി നിൽക്കുന്നതുമാണ് ട്രോൾ.
റഷ്യ യുക്രെയിനെ ആക്രമിച്ച ആദ്യ നാളുകളിൽ രാജ്യത്ത് ഇന്റർനെറ്റ് സേവനം നഷ്ടപ്പെടാതിരിക്കാൻ തന്റെ സ്റ്റാർലിങ്ക് ഉപഗ്രഹം ഉപയോഗിച്ചുള്ള ഇന്റർനെറ്റ് സേവനവും യുക്രെയിന് നൽകിയിരുന്നു. കഴിഞ്ഞ മാസം 24 നാണ് റഷ്യ യുക്രെയിനെ ആക്രമിച്ചത്. യുദ്ധം ഇപ്പോഴും തുടരുന്നുണ്ട്. യുദ്ധത്തിനെതിരെ ലോകവ്യാപകമായി പ്രതിഷേധങ്ങളും നടക്കുന്നുണ്ട്. യുദ്ധത്തിൽ ഏകദേശം 596 പേർ കൊല്ലപ്പെട്ടുവെന്നാണ് യുഎന്നിന്റെ കണക്ക്. എന്നിരുന്നാലും ശരിക്കുള്ള എണ്ണം ഇനിയും കൂടുതലായിരിക്കാം. ഏകദേശം 2.8 ദശലക്ഷത്തിലധികം ആളുകളാണ് രാജ്യത്തിൽ നിന്ന് പലായനം ചെയ്തതതെന്നാണ് കണക്ക്.