അച്ഛന്റെ ആഗ്രഹം സഫലമാക്കാൻ, കാൽപന്തുകളിയിലെ പുത്തൻ താരോദയങ്ങളാകാൻ നവീനും നവനീതും
മൂന്നാർ: കാല്പന്ത് കളിയെ
ഹൃദയത്തോട് ചേര്‍ത്തുപിടിച്ച അച്ഛന്റെ ആഗ്രഹം സഫലമാക്കാന്‍ ഒരുങ്ങുകയാണ് നവീനും നവനീതും
കളിക്കാന്‍ മൈതാനമോ കഴിവ് തെളിയിക്കാന്‍ വേദികളോ ഇല്ലാതിരുന്നിട്ടും അവര്‍ ലക്ഷ്യം കൈവിട്ടില്ല. ഫലമാവട്ടെ ബാംഗ്ലൂര്‍ കിക്ക്സ്റ്റാർട്ട് എഫ്സി ക്ലബിൽ ഇരുവര്‍ക്കും പരിശീലനത്തിന് വേദിയൊരുങ്ങിയിരിക്കുകയാണ്. ദേവികുളം സ്വദേശിയായ സുമേഷ്-ദിവ്യ ദമ്പതികളുടെ മക്കളായ നവീന്‍ ക്യഷ്ണക്കും നവനീത് ക്യഷ്ണക്കുമാണ് കിക്ക്സ്റ്റാർട്ട് എഫ്സിയില്‍ പഠനത്തോടൊപ്പം പരിശീലനത്തിനും അവസരം ലഭിച്ചത്.
ഫുട്ബോൾ പ്ലെയറാകാൻ സാധിക്കാത്തതിന്റെ നിരാശയൊന്നും ഇപ്പോൾ സുമേഷിനും ദിവ്യക്കുമില്ല. കൊച്ചുനാള്‍ മുതല്‍ കൊണ്ടുനടന്ന ആഗ്രഹം മക്കളിലൂടെ യാഥാര്‍ത്ഥ്യമാക്കാന്‍ ഒരുങ്ങുകയാണ് ഇരുവരും. ദേവികുളം മൂന്നാര്‍ മേഖലയിലെ സര്‍ക്കാര്‍ സ്കൂളിലാണ് ഇവർ ഇരുവരും പഠിച്ചത്. മക്കളുടെ കാല്പന്ത് കളിയിലെ മികവ് തന്നെയാണ് ഈ മാതാപിതാക്കളുടെ ആത്മവിശ്വാസത്തിന്റെ പിന്നില്‍. മക്കളുടെ പഠനവും ഫുട്ബോളും ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോകാനാണ് ഈ മാതാപിതാക്കൾ ശ്രമിച്ചത്. ടിവിയിലെ ഫുട്ബോൾ മത്സരങ്ങൾ നവീനും നവനീതും സ്ഥിരമായി കാണാറുണ്ട്. അവധി ദിവസങ്ങളാണ് ഇവർ പരിശീലനത്തിനായി തെരഞ്ഞെടുത്ത്. പഴയ മൂന്നാറിലെ ഹൈ ആള്‍ട്ടിട്ട്യൂഡ് സ്റ്റേഡിയത്തില്‍ അച്ഛന് സുമേഷ് പരിശീലത്തിനുള്ള അനുവാദം വാങ്ങി നല്കി.
സ്പോർട്സ് കൗൺസിൽ നടത്തിയ ഫുട്ബോൾ സെലക്ഷനിലും ഇവരം പങ്കെടുപ്പിച്ചിരുന്നു. അന്നത്തെ കോച്ചായിരുന്ന സനീഷാണ് ഇരുവര്‍ക്കും അവസരം നല്‍കിയത്. കുട്ടികളുടെ മികവ് മനസിലാക്കിയ ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിക്ക്സ്റ്റാർട്ട് എഫ്സിയെന്ന ക്ലബ്ബാണ് ഇപ്പോള്‍ കളി പരിശീലിപ്പിക്കുന്നത്. സൂപ്പര്‍ ലീഗിലും യൂത്ത് ലീഗിലും ഇവർ കളിച്ചു കഴിഞ്ഞു. സ്ട്രൈക്കര്‍മാരായിട്ടാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്. കുട്ടിക്കാലം മുതല്‍ കാല്പന്തുകളി ഇഷ്ടമായിരുന്നു. ഐഎസ്എല്ലിൽ കളിക്കണമെന്നാണ് ഇവരുടെ ആഗ്രഹം. അതിനാല്‍ നല്ല രീതിയില്‍ പരിശീലനം ചെയ്യുന്നുണ്ടെന്ന് നവീനും നവനീതും പറഞ്ഞു.