യുഡിഎഫിന് അടിപതറി; തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് എതിരായ അവിശ്വാസം പരാജയപ്പെട്ടു
തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ ചരിത്രത്തിലാദ്യമായി അവതരിപ്പിച്ച അവിശ്വാസ പ്രമേയമാണ് പരാജയപ്പെട്ടത്.
തൃശ്ശൂര്‍: തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ എല്ഡിഎഫ്ഭരണസമിതിക്കെതിരെ യുഡിഎഫ് (UDF) കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. പ്രമേയം പാസാക്കാൻ വേണ്ട 28 അംഗങ്ങളുടെ പിന്തുണ യുഡിഎഫിന് ലഭിച്ചില്ല. തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ ചരിത്രത്തിലാദ്യമായി അവതരിപ്പിച്ച അവിശ്വാസ പ്രമേയമാണ് പരാജയപ്പെട്ടത്. അവിശ്വാസത്തിന് അനുമതി തേടുമ്പോള്‍ മുതല്‍ ബിജെപിയുടെ പിന്തുണ പ്രതീക്ഷിച്ച് മുന്നോട്ട് നീങ്ങിയ യുഡിഎഫിന് അടിപതറി. കോൺഗ്രസിന്റെ അമിത ആത്മവിശ്വാസത്തെ അവസാന നിമിഷം ബിജെപി നിഷ്കരുണം തള്ളി. അവിശ്വാസ പ്രമേയ ചർച്ചയിൽ പോലും ബിജെപി പങ്കെടുത്തില്ല.
ഇരുമുന്നണികളെയും പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണക്കേണ്ടതില്ലെന്നായിരുന്നു ബിജെപിയുടെ നിലപാട്. ഇടതുപക്ഷത്ത് നിന്നും ചിലരെ അടർത്തിയെടുക്കാനുളള കോണ്‍ഗ്രസിന്റെ ശ്രമവും ഫലംകണ്ടില്ല. 55 അംഗ ഭരണസമിതിയിൽ എല്‍ഡിഎഫ് 25, യുഡിഎഫ് 24 ബിജെപി 6 എന്നിങ്ങനെയാണ് കക്ഷിനില. അവിശ്വാസം പാസാകണമെങ്കിൽ 28 അംഗങ്ങളുടെ പിന്തുണ വേണം. ജില്ലാ കളക്ടർ ഹരിത വി കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിലാണ് അവിശ്വാസ പ്രമേയം ചർച്ച ചെയ്തത്. ബിജെപിയുടെ ആറു കൗണ്‍സിലര്‍മാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നത് സിപിഎമ്മുമായുളള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇടതുഭരണസമിതിയുടെ വികസന പ്രവർത്തനത്തിൽ വിറളി പൂണ്ടാണ് കോൺഗ്രസ് അവിശ്വാസം കൊണ്ടു വന്നതെന്ന് മേയർ എം കെ വർഗീസ് പ്രതികരിച്ചു.