ഗുജറാത്തല്ല, ഇനി ആം ആദ്മി ലക്ഷ്യം വയ്ക്കുന്നത് ബി ജെ പി ഭരിക്കുന്ന മറ്റൊരു സംസ്ഥാനത്തെ, പണി തുടങ്ങി കേജ്രിവാൾ
ന്യൂഡൽഹി : ന്യൂഡൽഹിക്ക് പുറമേ പഞ്ചാബിലും അധികാരം പിടിച്ചതോടെ പ്രാദേശിക പാർട്ടി എന്ന വിശേഷണം മാറ്റിയെഴുതുകയാണ് ആം ആദ്മി പാർട്ടി. പഞ്ചാബിന് ശേഷം ആം ആദ്മി അടുത്തതായി ലക്ഷ്യം വയ്ക്കുന്നത് ഗുജറാത്താണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ മോദി എഫക്ട് ഏറ്റവും കൂടുതൽ അലയടിക്കുന്ന ഗുജറാത്തിൽ ബി ജെ പിയെ അധികാരത്തിലേറ്റാൻ മറ്റൊരു ഘടകത്തിന്റെ ആവശ്യമേയില്ല. നാല് സംസ്ഥാനങ്ങളിലെ വിജയത്തിന് ശേഷം നാട്ടിലെത്തിയ മോദിക്ക് ജനം നൽകിയ സ്വീകരണം ഇതിന് തെളിവാണ്. ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പഞ്ചാബിന് ശേഷം ആം ആദ്മി ലക്ഷ്യം വയ്ക്കുന്നത് അയൽ സംസ്ഥാനമായ ഹരിയാനയെയാണ് എന്നാണ്. ബി ജെ പി ഭരിക്കുന്ന ഹരിയാനയിൽ മറ്റ് പാർട്ടികളിൽ നിന്നുമുള്ള മുൻ എം എൽ എമാരെ ഉൾപ്പെടുത്തി പ്രവർത്തനം ശക്തമാക്കാനാണ് പാർട്ടിയുടെ തീരുമാനം.പഞ്ചാബിലെ ആം ആദ്മിയുടെ വൻ വിജയം ഹരിയാനയിലും പാർട്ടിക്ക് പുത്തൻ ഊർജ്ജമാണ് പകർന്ന് നൽകുന്നത്. ഹരിയാനയിലെ വിവിധ പാർട്ടികളിൽ നിന്നുള്ള 15 മുൻ എംഎൽഎമാരും സാമൂഹിക പ്രവർത്തകരും കഴിഞ്ഞ ദിവസം ആം ആദ്മിയിൽ ചേർന്നിരുന്നു. മുൻ ബിജെപി എംഎൽഎ ഉമേഷ് അഗർവാൾ, മുൻ ബിജെപി മന്ത്രി ബൽബീർ സിംഗ് സൈനി, മുൻ കോൺഗ്രസ് മന്ത്രി ബിജേന്ദ്ര സിംഗ് ബില്ലു, മുൻ എംഎൽഎ രവീന്ദർ മച്റൗലി, മുൻ ബിഎസ്പി നേതാവ് ജാവേദ് അഹമ്മദ്, മുൻ കോൺഗ്രസ് നേതാവ് ജഗത് സിംഗ് എന്നിവരാണ് ആംആദ്മിയിൽ അംഗത്വമെടുത്തത്.2024ൽ ഹരിയാനയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ ആം ആദ്മി അധികാരത്തിലെത്തുമെന്ന് പാർട്ടി നേതാക്കൾ അഭിപ്രായപ്പെട്ടു. ഈ വർഷം അവസാനം നടക്കുന്ന ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലും ആം ആദ്മി മത്സരിക്കുന്നുണ്ട്.