മോഹൻലാലിനെതിരായ ഹർജി പബ്ളിസിറ്റിക്ക് വേണ്ടി, നടപടികൾ തുടരുന്നതിൽ അർത്ഥമില്ലെന്ന് സർക്കാർ
കൊച്ചി: നടൻ മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസ് പിൻവലിക്കരുതെന്നാവശ്യപ്പെട്ട് ജയിംസ് മാത്യു, എ.എ. പൗലോസ് എന്നിവർ നൽകിയ ഹർജി പബ്ലിസിറ്റിക്കു വേണ്ടിയാണെന്നും ലാലിനെതിരെ നടപടികൾ തുടരുന്നതിൽ അർത്ഥമില്ലെന്നും സർക്കാർ കോടതിയിൽ വിശദീകരണം നൽകി. ഇന്നലെ ഹർജികളിൽ വാദം കേട്ട പെരുമ്പാവൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി കേസ് മാർച്ച് 29 നു പരിഗണിക്കാൻ മാറ്റി. മോഹൻലാലിന്റെ വസതിയിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് രണ്ടു ജോഡി ആനക്കൊമ്പുകൾ കണ്ടെത്തിയത്. അനധികൃതമായി ആനക്കൊമ്പുകൾ കൈവശം വച്ചെന്നാരോപിച്ച് ലാലിനെതിരെ വനം വകുപ്പ് കേസെടുത്തു. ഇവ നിയമവിരുദ്ധ മാർഗ്ഗത്തിലൂടെ കൈവശപ്പെടുത്തിയതല്ലെന്ന് വിലയിരുത്തിയാണ് സർക്കാർ കേസിലെ തുടർനടപടികൾ അവസാനിപ്പിക്കാൻ കോടതിയുടെ അനുമതി തേടിയത്.