വിധി സ്വാഗതാർഹം, മുസ്ലീം പെൺകുട്ടികൾക്ക് മുഖ്യധാരയിലേക്ക് വരാനുള്ള അവസരം; ഹിജാബ് നിരോധനത്തെ അനുകൂലിച്ച് ഗവർണർ
തിരുവനന്തപുരം: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വേണ്ടെന്ന ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. മുസ്ലീം പെൺകുട്ടികൾക്ക് മുഖ്യധാരയിലേക്ക് വരാനുള്ള അവസരമാണിതെന്നും മറ്റു പെൺകുട്ടികളെ പോലെ മുസ്ലീം സഹോദരിമാരും രാജ്യനിർമ്മാണത്തിൽ പങ്കുചേരണമെന്നും അദ്ദേഹം പറഞ്ഞു.ഇതിന് മുമ്പും ഹിജാബിനെതിരെ തന്റെ നിലപാട് ഗവർണർ വ്യക്തമാക്കിയിരുന്നു. പ്രവാചകന്റെ കാലത്ത് ഹിജാബ് അനാവശ്യമാണെന്ന് സ്ത്രീകൾ വിശ്വസിച്ചിരുന്നതായും ദൈവം അനുഗ്രഹിച്ചു നൽകിയ സൗന്ദര്യത്തെ മറച്ചു വയ്ക്കേണ്ടതില്ലെന്ന് അന്നത്തെ സ്ത്രീകൾ വാദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഹിജാബ് ധരിക്കുക എന്നത് മൗലികാവകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാണിച്ച് വിദ്യാർത്ഥിനികൾ നൽകിയ ഹർജി കർണാടക ഹൈക്കോടതി ഇന്ന് തള്ളിയിരുന്നു. നിർബന്ധിത മതാചാരത്തിന്റെ ഭാഗമല്ല ഹിജാബെന്നും യൂണിഫോമിനെ മതാചാരത്തിന്റെ ഭാഗമായി എതിർക്കാനാകില്ലെന്നുമാണ് കോടതി വിലയിരുത്തിയത്. കോടതിയുടെ വിധി അംഗീകരിക്കണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.