വിദേശത്ത് നിന്ന് സ്ത്രീകളെ എത്തിച്ച് മദ്യം വിളമ്പി! ‘കേരളത്തിലെ ആദ്യ പബി’ന്റെ മാനേജർ അറസ്റ്റിൽ
കൊച്ചി: അബ്കാരി ചട്ടം ലംഘിച്ച് വനിതകളെ ഉപയോഗിച്ച് മദ്യം വിളമ്പിയതിന് ബാർ മാനേജരെ എക്സൈസ് അറസ്റ്റ് ചെയ്തു. കേരളത്തിലെ ആദ്യ പബ് എന്ന് വ്യപകമായി പ്രചാരണം ലഭിച്ച രവിപുരം ഹാർബർ വ്യൂ, ഫ്ലൈ ഹൈ ബാർ മാനേജരെയാണ് അറസ്റ്റ് ചെയ്തത്. നവീകരിച്ച ബാറിന്റെ ഉദ്ഘാടനം നടക്കവെ കഴിഞ്ഞ 12നായിരുന്നു വിദേശത്ത് നിന്നെത്തിച്ച സ്ത്രീകളെ കൊണ്ട് മദ്യം വിളമ്പിച്ചത്. കൂടാതെ സ്റ്റോക്ക് രജിസ്റ്ററിൽ കൃത്രിമം കണ്ടെത്തിയതിന്റെ പേരിലും ഉടമകൾക്കെതിരെ നടപടി എടുത്തിട്ടുണ്ട്.എന്നാൽ ഹൈക്കോടതി ഉത്തരവിന്റെ പിൻബലത്തിലാണ് വനിതകളെ ഉപയോഗിച്ച് മദ്യം വിളമ്പിയതെന്നായിരുന്നു ഹോട്ടൽ ഉടമകളുടെ നിലപാട്. ഇത് തിരുവനന്തപുരത്തെ ഒരു ഹോട്ടലിനു മാത്രമായി പുറപ്പെടുവിച്ച വിധിയാണെന്നാണ് എക്സൈസ് പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കമ്മീഷണർ ആവശ്യപ്പെട്ടിട്ടുണ്ട്. അറസ്റ്റ് ചെയ്ത ബാർ മാനേജരെ ഇപ്പോൾ ജാമ്യത്തിൽ വിട്ടയച്ചിരിക്കുകയാണ്.നിലവിൽ കേരളത്തിൽ പബിന് അനുമതി ഇല്ലാത്തതിനാൽ ഉദ്ഘാടന ദിവസം മാത്രമാണ് വനിതകളെ ഉപയോഗിച്ച് മദ്യം വിളമ്പിയതെന്നാണ് ഉടമകളുടെ വിശദീകരണം. സംസ്ഥാന സർക്കാർ പബുകൾക്ക് അനുമതി നൽകുമെന്ന പ്രഖ്യാഖ്യാപനം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് ഇത് നടപ്പാക്കാൻ ശ്രമിച്ചതാണ് അറസ്റ്റിലേയ്ക്ക് നയിച്ചത്.