കെ റെയിലിന്റെ കല്ലിടാൻ മതിലു ചാടിയെത്തിയവർക്കെതിരെ നായകളെ തുറന്ന് വിട്ട് വീട്ടുകാർ, ഉദ്യോഗസ്ഥർ ഇന്നുമെത്തും
-ചിറയിൻകീഴ് : സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിലിനെ കുറിച്ച് ഇന്നലെ നിയമസഭയിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം നടത്തുമ്പോഴും സർവേയുടെ ഭാഗമായ കല്ലിടൽ തകൃതിയായി തുടരുകയാണ്. പൊലീസ് സന്നാഹത്തോടെ പ്രതിഷേധിക്കുന്ന നാട്ടുകാരെ നിശബ്ദരാക്കിയാണ് കല്ലിടീൽ പുരോഗമിക്കുന്നത്. മിക്കയിടങ്ങളിലും ഉദ്യോഗസ്ഥർ മടങ്ങുന്നതോടെ പ്രതിഷേധക്കാർ അടയാള കല്ലുകൾ പിഴുതെറിയുന്നുമുണ്ട്. കഴിഞ്ഞ ദിവസം കല്ലിടീൽ നടന്ന മുരുക്കുംപുഴയിൽ സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാർ ഉദ്യോഗസ്ഥർക്കെതിരെ അണിനിരന്നു.ഇവിടെ ഗേറ്റ് അകത്ത് നിന്നും പൂട്ടിയ വീട്ടിൽ മതിൽ ചാടി കടന്ന് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ വീട്ടുകാർ നായകളെ അഴിച്ചു വിട്ടാണ് നേരിട്ടത്. പ്രതിഷേധം കനത്തതോടെ ഉദ്യോഗസ്ഥർ പിൻവാങ്ങി. മുരുക്കും പുഴയിൽ കെ റെയിലിന്റെ ഭാഗമായി കല്ലിടുന്ന മിക്ക വീട്ടുകാരും മുൻപ് റെയിൽവേ വികസനത്തിനായി ഭൂമി വലിയ അളവിൽ വിട്ടു കൊടുത്തവരാണ്. അന്ന് തുച്ഛമായ രൂപയാണ് ഇവർക്ക് ലഭിച്ചത്. പ്രദേശത്തിന്റെ സമീപത്തുള്ള ഏഴോളം പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാരെ അണിനിരത്തിയാണ് ഇവിടെ ഇന്നലെ കല്ലിടീൽ നടത്തിയത്. ഈ പ്രവർത്തി ഇന്നും തുടരും.