മൂന്നാറിലെ ചായയ്ക്ക് ചൂടില്ല, വാക്കു തർക്കം അടിപിടിയായി; വിനോദസഞ്ചാരികളെ ആക്രമിച്ചതിന് നാല് പേർ അറസ്റ്റിൽ
മൂന്നാർ: വിനോദസഞ്ചാരികളെ ആക്രമിച്ച കേസിൽ നാല് യുവാക്കൾ അറസ്റ്റിൽ. മൂന്നാർ ടോപ്പ് സ്റ്റേഷനിൽ ഹോട്ടൽ നടത്തുന്ന മിഥുൻ(32), ബന്ധു മിലൻ(22), മുഹമ്മദ് ഷാൻ (20), ഡിനിൽ (22) എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ ശനിയാഴ്ചയാണ് മലപ്പുറം ഏറാട് സ്വദേശികളായ 40 യുവാക്കൾ മൂന്നാറിലെത്തിയത്. വൈകിട്ട് ആറ് മണിയോടെ സംഘം സമീപത്തെ ഹിൽടോപ്പ് ഹോട്ടലിൽ ചായ കുടിക്കാൻ കയറി. എന്നാൽ, ചായയ്ക്ക് ചൂടില്ലെന്ന കാരണം പറഞ്ഞ് യുവാക്കളിലൊരാൾ ഹോട്ടൽ ജീവനക്കാരന്റെ മുഖത്ത് ചായ ഒഴിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം.തുടർന്ന് വിനോദസഞ്ചാരികളും ഹോട്ടൽ ജീവനക്കാരും തമ്മിൽ അടിപിടിയായി. ഒടുവിൽ ബസിൽ കയറി സ്ഥലം വിട്ട സംഘത്തെ ബൈക്കിൽ പിന്തുടർന്ന എട്ട് ഹോട്ടൽ ജീവനക്കാർ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ബസ് ഡ്രൈവർ സിയാദിന് കഴിത്തിലും അർഷിദിന് മൂക്കിനും കൈകാലുകൾക്കും ഗുരുതര പരിക്കേറ്റു.ഇവർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നാട്ടിലേക്ക് മടങ്ങിപ്പോയ സംഘം പൊലീസിൽ പരാതി നൽകിയതോടെ സംഘത്തിലെ നാലുപേരെ മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.