തിയേറ്ററിൽ സിനിമ കാണുന്നതിനിടെ കുഞ്ഞ് കരഞ്ഞാൽ ഇനി പുറത്തിറങ്ങേണ്ട, കരച്ചിൽ ആരും കേൾക്കാത്ത സംവിധാനം കേരളത്തിലെ ഈ രണ്ടു തിയേറ്ററുകളിൽ വന്നുകഴിഞ്ഞു
തിരുവനന്തപുരം: തിയേറ്ററിനുള്ളിൽ കുഞ്ഞ് കരയുമ്പോൾ മറ്റുള്ളവർക്ക് അസൗകര്യമുണ്ടാകാതിരിക്കാൻ അമ്മയോ അച്ഛനോ കുഞ്ഞുമായി തിയേറ്ററിനു പുറത്തുകടക്കും, കുഞ്ഞിനെ സമാധാനിപ്പിച്ച് തിരിച്ചുവരുമ്പോഴേക്കും സിനിമയിൽ എന്തെങ്കിലുമൊക്കെ ട്വിസ്റ്റ് സംഭവിച്ചിരിക്കും. ഇങ്ങനെയൊരു പ്രശ്നം ഇനി കൈരളി, ശ്രീ, നിള തിയേറ്ററുകളിൽ സിനിമ കാണാൻ വരുമ്പോഴുണ്ടാകില്ല. സിനിമയ്ക്കിടെ കുഞ്ഞ് കരഞ്ഞാൽ നേരെ മറ്രൊരു മുറിയിൽ പോയി സിനിമ കാണാം. അവിടെ ഇരിക്കുമ്പോൾ കുഞ്ഞ് കരഞ്ഞാലും സാരമില്ല, മറ്റാരും കേൾക്കില്ല ! ‘ ക്രൈ റൂം ‘ എന്നാണ് മുറിയുടെ പേര്.മറ്റ് സീറ്റുകൾക്ക് പിറകിലായുള്ള സൗണ്ട് പ്രൂഫായ ചെറുമുറിയാണ് ‘ ക്രൈ റൂം’ ആയി സജ്ജമാക്കിയിട്ടുള്ളത്. സ്ക്രീനിലേക്ക് നോക്കാൻ ഗ്ലാസുണ്ടാകും. ശബ്ദ സംവിധാനം മുറിയിൽ തന്നെയുണ്ടാകും. ഒരു ബോക്സിൽ രണ്ട് സീറ്റുകളാണുള്ളത്.കെ.എസ്.എഫ്.ഡി.സിയുടെ ഉടമസ്ഥതയിലുള്ള തിയേറ്റർ സമുച്ചയം നവീകരിച്ചപ്പോഴാണ് ‘ക്രൈ റൂം’ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സജ്ജമാക്കിയത്. ബേബി റൂം, വായനാ മുറി, കഫ്ടീരിയ, ഫുഡ് കോർട്ട്, ലോബി ഉൾപ്പെടെയുള്ളവയെല്ലാം സജ്ജമാക്കിയാണ് തിയേറ്ററുകൾ നവീകരിച്ചത്.മുകളിലത്തെ ശ്രീ, നിള തിയേറ്ററുകളിലേക്ക് പോകാൻ ലിഫ്ടുമുണ്ട്. മൂന്ന് തിയേറ്ററിലും മികച്ച വിഷ്വൽ ക്വാളിറ്റിക്കായി ഏറ്റവും പുതിയ ലേസർ പ്രൊജക്ഷനാണുള്ളത്. ഡോൾബി അറ്റ്മോസ് ശബ്ദ സംവിധാനവും റെഡിയായി കഴിഞ്ഞു. ശ്രീ തിയേറ്ററിന്റെ സീറ്റുകൾ ഉൾപ്പെടെ പുത്തനാക്കിയപ്പോൾ മറ്റ് രണ്ട് തിയേറ്ററുകളുടേയും അധികം പഴക്കമില്ലാത്ത സീറ്റുകൾ സർവീസ് ചെയ്ത് മെച്ചപ്പെടുത്തി. 12 കോടി മുതൽ മുടക്കി നവീകരിച്ച തിയേറ്റർ സമുച്ചയം നാളെ വൈകിട്ട് 6ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി തിയേറ്ററുകൾ കൈമാറും. മേളയ്ക്കുശേഷം പുതിയ റിലീസുകളെത്തും.ഛായാ ചിത്രങ്ങളും ശില്പങ്ങളും വരും