അച്ഛന്റെ തോക്കെടുത്ത് അമ്മയെ വെടിവച്ചു; കുട്ടിക്കളിയിൽ പൊലിഞ്ഞത് 22കാരിയുടെ ജീവൻ
വാഷിംഗ്ടൺ: മൂന്ന് വയസുകാരനായ മകൻ വെടിവച്ചതിനെ തുടർന്ന് 22കാരിയായ അമ്മ മരിച്ചു. ശനിയാഴ്ച ചിക്കാഗോയിലാണ് അപകടം നടന്നത്. കുട്ടി തോക്കുപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തിൽ അമ്മയ്ക്ക് വെടിയേൽക്കുകയായിരുന്നു. ഇത്തരത്തിലുള്ല അപകടങ്ങൾ അമേരിക്കയിൽ ഇപ്പോൾ പതിവാണെന്ന് പൊലീസ് അറിയിച്ചു.മിഡ്വെസ്റ്റേൺ നഗരത്തിലെ ഒരു സൂപ്പർമാർക്കറ്റിന് സമീപം കാർ പാർക്കിംഗ് സ്ഥലത്ത് വച്ചാണ് യുവതിക്ക് വെടിയേറ്റത്. കുട്ടി കാറിന്റെ പിന്നിലെ ചൈൽഡ് സീറ്റിൽ ഇരിക്കുകയായിരുന്നു. പിതാവിന്റെ പോക്കറ്റിൽ നിന്നും കുഞ്ഞ് തോക്കെടുത്തത് മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നില്ല. തോക്ക് വച്ച് കളിച്ച് അൽപ്പസമയത്തിനകം കുട്ടി ട്രിഗർ അമർത്തി തുടർന്ന്, അമ്മയായ ദേജ ബെന്നറ്റിന്റെ കഴുത്തിന് പിന്നിൽ വെടിയേൽക്കുകയായിരുന്നു. ഉടൻ തന്നെ ഷിക്കാഗോ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കുട്ടിയുടെ പിതാവിന്റെ കൈവശമുള്ല തോക്ക് നിയപരമായുള്ളതാണോ എന്ന് പരിശോധിക്കുകയാണ്. അതിന്റെ ഭാഗമായി ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.റിപ്പോർട്ടുകൾ പ്രകാരം ഓരോ വർഷവും 350ലധികം പേരാണ് അശ്രദ്ധ മൂലം വെടിയേറ്റ് മരിക്കുന്നത്. ഗൺ വയലൻസ് ആർക്കൈവ് വെബ്സൈറ്റിന്റെ കണക്കുകൾ പ്രകാരം ആത്മഹത്യകൾ ഉൾപ്പെടെ 40,000 പേരാണ് യുഎസിൽ പ്രതിവർഷം വെടിയേറ്റു മരിക്കുന്നത്.