ബംഗാള്‍: വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ സമാധാനം തകര്‍ക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ഗൂഢാലോചന നടത്തുന്നുവെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. ‘നാളെ ജുമഅ ദിനം, പ്രാര്‍ത്ഥന ദിനം, സമാധാനം കെടുത്താന്‍ ബി.ജെ.പി മുസ്ലിങ്ങള്‍ ധരിക്കുന്ന തൊപ്പികള്‍ വാങ്ങിയിട്ടുണ്ട്. ശ്രദ്ധിക്കൂ,” പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊല്‍ക്കത്തയില്‍ നടന്ന റാലിയില്‍ മമത ബാനര്‍ജി പറഞ്ഞു
സി.എ.എയെ ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള പോരാട്ടമാക്കി മാറ്റാന്‍ ബി.ജെ.പി ആഗ്രഹിക്കുന്നുവെന്ന് ആരോപിച്ച മമത ഈ വിഷയത്തില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന ആവശ്യം മുന്നോട്ടുവെച്ചു. ”ബി.ജെ.പിയ്ക്ക് ധൈര്യമുണ്ടെങ്കില്‍, ഭേദഗതി ചെയ്ത പൗരത്വ നിയമത്തെയും എന്‍.ആര്.സിയെയും കുറിച്ച് യു.എന്‍ നിരീക്ഷിക്കുന്ന ജനഹിത പരിശോധനക്ക് പോകണം. ആരാണ് വിജയിക്കുന്നതെന്ന് നമുക്ക് നോക്കാം. തോറ്റാല്‍ നിങ്ങള്‍ രാജിവയ്ക്കേണ്ടി വരും.” മമത ബാനര്‍ജി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ച ചരിത്രകാരന് രാമചന്ദ്ര ഗുഹയെ കസ്റ്റഡിയില്‍ എടുത്ത സംഭവത്തില്‍ മമത ശക്തമായി പ്രതിഷേധിച്ചിരുന്നു.
” സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ ഭയക്കുന്നു ഗാന്ധിജിയുടെ പോസ്റ്റര്‍ കൈയ്യില്‍ വെച്ചതിനും പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിനും ഇന്ത്യയിലെ പ്രഗല്ഭനായ ചരിത്രകാരനെ സര്‍ക്കാര്‍ ഭയക്കുന്നു.” എന്നായിരുന്നു മമതയുടെ ട്വീറ്റ്. അറസ്റ്റിലായ എല്ലാവര്ക്കും പിന്തുണ പ്രഖ്യാപിക്കുന്നവെന്നും അവര്‍ വ്യക്തമാക്കി