തിരക്കുള്ള സ്ഥലങ്ങളിൽ പോയി പോക്കറ്റടിക്കും, കിട്ടിയ കാശിന്റെ കണക്ക് ഡയറിയിൽ എഴുതി വയ്ക്കും; പ്രമുഖ നടിയെ കയ്യോടെ പൊക്കി പൊലീസ്
കൊൽക്കത്ത: അന്താരാഷ്ട്ര പുസ്തക മേളയിൽ പോക്കറ്രടി നടത്തിയതിന് പ്രമുഖ നടി അറസ്റ്റിൽ. ബംഗാളി നടിയായ രൂപാ ദത്തയെയാണ് അറസ്റ്റിലായത്. മേളയ്ക്കിടെ സംശയം തോന്നിയതിനാൽ ചോദ്യം ചെയ്യവെയാണ് ബാഗിൽ നിന്ന് 75,000 രൂപ കണ്ടെടുത്തത്. ഇവർ ആദ്യമായല്ല മോഷണം നടത്തുന്നതെന്നാണ് പൊലീസ് അറിയിച്ചത്.തിരക്കേറിയ മേളയ്ക്കിടെയായിരുന്നു അവർ മോഷണം നടത്തിയത്. പൊലീസ് ചോദ്യം ചെയ്തയുടൻ തന്നെ കുറ്റം സമ്മതിക്കുകയായിരുന്നു. ആദ്യമായല്ല താൻ മോഷണം നടത്തുന്നതെന്നും നടി തുറന്നു പറഞ്ഞു. അവരുടെ ബാഗിൽ നിന്നും ഇതുവരെ മോഷ്ടിച്ചതിന്റെയെല്ലാം വിവരങ്ങളടങ്ങുന്ന ഡയറിയും പൊലീസ് കണ്ടെത്തി. കൊൽക്കത്തയിലെ ചില തിരക്കേറിയ നഗരങ്ങളുടെ പേരും അവരുടെ ഡയറിയിൽ എഴുതിയിട്ടുണ്ടായിരുന്നു. അടുത്ത മോഷണം നടത്താൻ പദ്ധതിയിട്ട സ്ഥലങ്ങളാകാം ഇതെന്നാണ് പൊലീസ് പറയുന്നത്. നിരവധി പേഴ്സുകളും അവരുടെ ബാഗിനുള്ളിൽ നിന്ന് കണ്ടെത്തി.ഇവരെ കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. കയ്യിലുണ്ടായിരുന്നത് സ്വന്തം ബാഗല്ല, വെള്ളം കുടിച്ച ശേഷം കുപ്പി വലിച്ചെറിയാൻ പോയപ്പോൾ അവിടെ കിടക്കുന്നത് കണ്ട് എടുത്തപ്പോഴേക്കും പൊലീസ് അറസ്റ്റ് ചെയ്തു എന്നാണ് ഇവർ കോടതിയിൽ പറഞ്ഞത്. നിരവധി ബംഗാളി, ഹിന്ദി സീരിയലുകളിൽ രൂപാ ദത്ത അഭിനയിച്ചിട്ടുണ്ട്. മുമ്പ് സിനിമാ നിർമാതാവായ അനുരാഗ് കശ്യപിനെതിരെ ഇവർ വ്യാജ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു.