എഞ്ചിനിൽ നിന്ന് പുക ഉയരുന്നത് കണ്ടു; നിമിഷങ്ങൾക്കകം കത്തി നശിച്ചത് കോഴിക്കോട്ടെ വ്യാപാരിയുടെ ഒന്നര കോടിയിലധികം വിലവരുന്ന പുത്തൻ ആഡംബര കാർ
കോഴിക്കോട്: നടക്കാവിൽ ഒരു കോടിയിലധികം വിലവരുന്ന പുത്തൻ ലാന്റ് റോവർ വെലാർ കാർ കത്തിനശിച്ചു. കോഴിക്കോട്ടെ വ്യാപാരിയായ പ്രജീഷിന്റെ കാറാണ് കത്തിയത്. കിഴക്കേ നടകാവിലെ ഫുട്ബോൾ ടർഫിന് സമീപം പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരിക്കവെയായിരുന്നു സംഭവം.ഇന്ന് രാവിലെ ഏഴരയോടെ ടർഫിൽ കളിക്കാനെത്തിയ പ്രജീഷ് കാർ നിർത്തി പുറത്തിറങ്ങിയപ്പോഴാണ് വാഹനത്തിൽ നിന്ന പുക ഉയരുന്നത് കണ്ടത്. വെള്ളമൊഴിച്ച് തണുപ്പിക്കാൻ ശ്രമിച്ചെങ്കിലും കാർ പൂർണമായും കത്തുകയായിരുന്നു. സമീപത്തുണ്ടായിരുന്ന വാഹനങ്ങൾ ഉടൻ മാറ്റിയതിനാൽ വലിയ അപകടം ഒഴിവായി. രണ്ട് മാസം മുമ്പാണ് പ്രജീഷ് കാർ വാങ്ങിയത്. മികച്ച സുരക്ഷാ സംവിധാനങ്ങൾ ഉറപ്പ് നൽകുന്ന ലാന്റ് റോവറാണ് കത്തിയത്. സാധാരണ ഇത്തരം അപകടങ്ങളിൽ പെടാത്ത വാഹനത്തിന്റെ എഞ്ചിനിൽ നിന്ന് പുക ഉയരുന്നത് കണ്ടതായാണ് ദൃക്സാക്ഷികൾ പറയുന്നത്. സംഭവത്തിൽ കാർ കമ്പനി വിശദ പരിശോധന നടത്തിയേക്കും.