9 നാടൻ തോക്കുകളും ഉണ്ടകളും വനംവകുപ്പുദ്യോഗസ്ഥര്‍ പിടികൂടിയ സംഭവത്തിൽ മൂന്ന് പേർ കോടതിയിൽ കീഴടങ്ങി
കാഞ്ഞങ്ങാട്: പികപ് ജീപിൽ നായാട്ടിനിറങ്ങിയ സംഘത്തിൽ നിന്ന് ഒമ്പത് നാടന്‍ തോക്കുകൾ വനംവകുപ്പുദ്യോഗസ്ഥര്‍ പിടികൂടിയ സംഭവത്തിൽ മൂന്ന് പേർ കോടതിയിൽ കീഴടങ്ങി. ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ വി രതീഷ് (35), ശ്രീധരൻ (60), കെ സതീശൻ (41) എന്നിവരാണ് കീഴടങ്ങിയത്. നേരത്തേ ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ വി വിജയന് (59) അറസ്റ്റിലായിരുന്നു.
ഫെബ്രുവരി 18ന് കുന്നുംകൈ ഏച്ചിലാംകയത്തുവെച്ചാണ് വിജയനെയും തോക്കുകളെയും പിടികൂടിയത്. സ്വകാര്യ എസ്റ്റേറ്റിൽ മൃഗങ്ങളെ വേട്ടയാടാനെത്തിയപ്പോഴാണ് പിടിയിലായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. വന്യമൃഗ വേട്ടയ്ക്ക് ഉപയോഗിക്കുന്ന ഒമ്പത് ഒറ്റക്കുഴൽ തോക്കുകളാണ് പിടികൂടിയവ. ഈയം കൊണ്ട് നിർമിച്ച മൂന്ന് വലിയ ഉണ്ടകൾ, 30 ഇടത്തരം ഉണ്ടകൾ, 61 ചെറിയ ഉണ്ടകൾ, എട്ട് തിരകൾ എന്നിവയും കസ്റ്റഡിയിലെടുത്തിരുന്നു.
വിജയൻറെ കൂടെയുണ്ടായിരുന്നവർ അന്ന് ഓടിരക്ഷപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ഓടോ റിക്ഷ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. കീഴടങ്ങിയവരെ റിമാൻഡ് ചെയ്തു. ഇനിയും കൂടുതൽ പേർ പിടിയിലാവാനുണ്ടെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.