വടക്കൻ കാശ്മീരിൽ കരസേനയുടെ ഹെലികോപ്ടർ തകർന്നു വീണു
ശ്രീനഗർ: വടക്കൻ ജമ്മുവിലെ ഗുരെസ് താഴ്വരയ്ക്കടുത്തുള്ള തുലൈൽ മേഖലയിൽ ഇന്ത്യൻ കരസേനയുടെ ഹെലിക്കോപ്ടർ തകർന്നുവീണു. ബന്ദിപോര ജില്ലയിൽ ഇന്നുച്ചയോടു കൂടിയാണ് സേനയുടെ ചീറ്റ വിഭാഗത്തിലെ ഹെലികോപ്ടർ തകർന്നു വീണത്. രോഗബാധിതരായ ബിഎസ്എഫ് ജവാൻമാരെ തിരികെ കൊണ്ടുവരാൻ പോവുകയായിരുന്ന ഹെലികോപ്ടറാണ് അപകടത്തിൽപെട്ടത്.അപകടത്തിൽ ഗുരുകരമായി പരിക്കേറ്റ പൈലറ്റിനെയും സഹപൈലറ്റിനെയും സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റാരെങ്കിലും അപകടത്തിൽ പെട്ടിട്ടുണ്ടോയെന്ന് അന്വെഷിക്കുകയാണ്. അപകടകാരണം വ്യക്തമല്ല. അപകടത്തിനു മുൻപ് ഹെലികോപ്ടറുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടുവെന്ന് ഗുരെസ് സബ് ഡിവിഷണൽ മജിസ്റ്ററേറ്റ് അറിയിച്ചു. കൂടുതൽ വിശദാംശങ്ങളെ പറ്റി അന്വേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.