താൻ തല്ലില്ല, കൊല്ലുകയെയുള്ളൂ എന്നാൽ ഈ അവസ്ഥയിൽ പറ്റില്ലെന്ന് ഷൈൻ ടോം ചാക്കോ
കൊച്ചി: തല്ലുമാല എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ സിനിമാപ്രവർത്തകരും നാട്ടുകാരും തമ്മിലുണ്ടായ സംഘർഷത്തിനിടെ നടൻ ഷൈൻ ടോം ചാക്കോ നാട്ടുകാരനെ തല്ലിയതായുള്ള ആരോപണത്തിൽ പ്രതികരണവുമായി താരം.മാലിന്യം ഇടുന്നത് ചോദ്യം ചെയ്ത നാട്ടുകാരനെ ഷൈൻ തല്ലിയെന്നായിരുന്നു ആരോപണം. എന്നാൽ സിനിമാ ചിത്രീകരണത്തിനിടെ തനിക്ക് പരിക്കേറ്റിരുന്നെന്നും അതിനാൽ അത്തരമൊരു അവസ്ഥയിൽ ആരെയും തല്ലാൻ സാധിക്കില്ലെന്നുമാണ് താരം പ്രതികരിച്ചത്. സത്യാവസ്ഥ എന്താമെന്ന് മനസിലാക്കാൻ സാധിച്ചില്ലെങ്കിൽ മാദ്ധ്യമങ്ങളോട് സംസാരിച്ചിട്ട് ഫലമുണ്ടോയെന്ന് താരം ചോദിക്കുന്നു. പുതിയ ചിത്രമായ പടയുടെ പ്രദർശനത്തിന് കൊച്ചിയിലെത്തിയപ്പോഴാണ് താരം സംഭവത്തെക്കുറിച്ച് പ്രതികരിക്കുന്നത്. ആളെ തല്ലിയതുമായി ബന്ധപ്പെട്ട് ആർക്കെങ്കിലും ചോദിക്കാനുണ്ടോയെന്ന് താരം മാദ്ധ്യമപ്രവർത്തകരോടായി ചോദിച്ചു. ആളെ താൻ തല്ലിയതല്ലെന്നും മിനിമം കൊല്ലുകയെയുള്ളൂവെന്നും താരം പറഞ്ഞു. ഇനി താൻ കൊല്ലുമെന്ന് പറഞ്ഞുവെന്ന് മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്നും ഷൈൻ ടോം അഭ്യർത്ഥിച്ചു. പരിക്കേറ്റ കാൽ വച്ച് തല്ലിയെന്നൊക്കെ പറഞ്ഞാൽ നിങ്ങൾക്കത് വിശ്വസിക്കാനാകുമോയെന്നും താരം ചോദിച്ചു. താൻ തല്ലിയെന്ന് തോന്നുന്നുണ്ടോയെന്നും അയാൾ തിരിച്ച് തല്ലിയെന്ന് തോന്നുന്നുണ്ടോയെന്നും താരം മാദ്ധ്യമപ്രവർത്തകരോട് ചോദിച്ചു.കളമശേരി എച്ച് എം ഡി റോഡിലായിരുന്നു സിനിമയുടെ ചിത്രീകരണം. പ്രദേശത്ത് പതിവായി സിനിമാലൊക്കേഷനിൽ നിന്നും മാലിന്യം തള്ളിയിരുന്നുവെന്നാണ് നാട്ടുകാർ ആരോപിച്ചത്. ഇത് ചോദ്യം ചെയ്യാനെത്തിയതോടെ സംഘർഷമുണ്ടാവുകയായിരുന്നു. പൊതുനിരത്തിൽ മാലിന്യം ഇടുന്നതും വണ്ടി പാർക്ക് ചെയ്ത് ഗതാഗതക്കുരുക്കുണ്ടാക്കുന്നതും നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇതിനിടിയിലാണ് തർക്കമുണ്ടായത്. തർക്കം രൂക്ഷമായതോടെ ടൊവിനോയും ഇടപെട്ടുവെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. ഇതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടാവുകയും പൊലീസ് സ്ഥലത്ത് എത്തി ഇരുകൂട്ടരുമായി സംസാരിച്ച് സ്ഥിതിഗതികൾ ശാന്തമാക്കുകയുമായിരുന്നു.