റേഷൻ കടകൾ ഇനി നിങ്ങൾക്ക് മുന്നിലെത്തും, സഞ്ചരിക്കുന്ന റേഷൻ കട പ്രഖ്യാപിച്ച് ധനമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ പൊതുവിതരണ മേഖലയ്ക്ക് പ്രോത്സാഹനം നൽകി പുതിയ പദ്ധതികളുമായി 2022 ബഡ്ജറ്റ്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന റേഷൻകട ആരംഭിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചു. നിലവിൽ ആദിവാസി മേഖലകളിൽ ഭക്ഷ്യ ധാന്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്താൻ സഞ്ചരിക്കുന്ന റേഷൻകടകൾ പ്രവർത്തുക്കുന്നുണ്ട്, ഇത് വിപുലീകരിക്കുകയാണ് പുതിയ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമാക്കുന്നത്.ആകെ 2063.64 കോടി രൂപയാണ് പൊതുവിതരണ മേഖലയ്ക്കായി പ്രഖ്യാപിച്ചിട്ടുള്ളത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരും മത്സ്യത്തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിലും സഞ്ചരിക്കുന്ന റേഷൻ കടകൾ മുഖേന സാധനങ്ങൾ വിതരണം ചെയ്യുന്നതാണെന്നും മന്ത്രി പറഞ്ഞു. സമീപത്തെ റേഷന്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ ശേഖരിച്ച് നിശ്ചിത കേന്ദ്രത്തിലെത്തി വിതരണം ചെയ്യുന്ന പദ്ധതിയാണ് സഞ്ചരിക്കുന്ന റേഷന്‍ കട. ഓരോ പ്രദേശത്തും വാഹനം എത്തുന്ന തിയതി നേരത്തേ തന്നെ അറിയിക്കും. ഇതനുസരിച്ച് രേഖകളുമായി എത്തി ജനങ്ങൾക്ക് ധാന്യങ്ങള്‍ വാങ്ങാം.