ജാസി ഗിഫ്റ്റ് ചെയർമാനായ കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വികസന കോർപ്പറേഷന് ബഡ്ജറ്റിൽ 5.70 കോടി രൂപ
തിരുവനന്തപുരം: കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വികസന കോർപ്പറേഷന് 5.70 കോടി രൂപ അനുവദിച്ച് സംസ്ഥാന ബഡ്ജറ്റ്. പട്ടിക വിഭാഗത്തിൽ നിന്നും മറ്റ് ശുപാർശിത വിഭാഗങ്ങളിൽ നിന്നും ക്രിസ്തുമതം സ്വീകരിച്ചവർക്കായി വിവിധ പദ്ധതികൾക്കായാണ് തുക അനുവദിച്ചത്.ഭവന നിർമാണം, ഭവന പുനരുദ്ധാരണം, വിവാഹ ധനസഹായം, മെഡിക്കൽ, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനം തുടങ്ങി വിവിധ പദ്ധതികൾ നടപ്പാക്കുകയാണ് കോർപ്പറേഷനിലൂടെ സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. പട്ടിക ജാതിയിൽ നിന്നും മറ്റ് ശുപാർശിത സമുദായങ്ങളിൽ നിന്നും ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്തവരുടെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക ഉന്നമനത്തിനായാണ് കോർപ്പറേഷൻ രൂപീകരിച്ചിരിക്കുന്നത്. സംഗീത സംവിധായകനും പിന്നണി ഗായകനുമായ ജാസി ഗിഫ്റ്റാണ് കോർപ്പറേഷൻ ചെയർമാൻ. കോട്ടയത്താണ് കോർപ്പറേഷന്റെ ആസ്ഥാനം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് ജാസി ഗിഫ്റ്റിനെ ചെയർമാനായി ശുപാർശ ചെയ്തത്. ആദ്യമായാണ് കോർപ്പറേഷന്റെ തലപ്പത്തേക്ക് രാഷ്ട്രീയക്കാരനല്ലാത്തയാൾ ശുപാർശ ചെയ്യപ്പെടുന്നത്.കൃഷിഭൂമി വാങ്ങൽ, വിദേശ തൊഴിൽ, ചെറുകിട കച്ചവടം എന്നിവയാണ് കോർപ്പറേഷൻ നടപ്പാക്കുന്ന മറ്റ് പദ്ധതികൾ. സംസ്ഥാനത്തെ പിന്നോക്ക വിഭാഗങ്ങൾ നേരിടുന്ന സാമൂഹിക, വിദ്യാഭ്യാസ, വികസന രംഗത്തെ പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുക, വിശകലനം ചെയ്യുക, വിവരങ്ങൾ ശേഖരിക്കുക, പദ്ധതികൾ തയ്യാറാക്കി നടപ്പിലാക്കുക എന്നതാണ് കോർപ്പറേഷൻ വഹിക്കുന്ന പ്രധാന ചുമതലകൾ.