മെഗാ റോഡ്ഷോയുമായി മോദി ഗുജറാത്തിൽ, ലക്ഷ്യം വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പ്
അഹമ്മദാബാദ്: നാലു സംസ്ഥാനങ്ങളിലെ ബിജെപിയുടെ മിന്നുന്ന വിജയത്തിനു പിന്നാലെ ഗുജറാത്തിലെ അഹമ്മദാബാദിൽ മെഗാ റോഡ് ഷോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് മോദി ഗുജറാത്തിലെത്തിയത്. ഇന്ന് ഉച്ചയോടു കൂടി സംസ്ഥാനത്തെ പാർട്ടി പ്രവർത്തകരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഈ വർഷത്തിന്റെ അവസാനത്തോടെയാണ് ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ്. ഇപ്പോഴുള്ള മോദിയുടെ സന്ദർശനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമായിട്ടാണ് പാർട്ടി പാർട്ടി പ്രവർത്തകരുൾപ്പടെ കാണുന്നത്.അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് തുടങ്ങിയ റോഡ് ഷോ ആറു കിലോമീറ്റർ അകലെ ഗാന്ധിനഗറിലുള്ള ബിജെപിയുടെ ആസ്ഥാനത്താണ് അവസാനിച്ചത്. കാവി നിറത്തിലുള്ള തൊപ്പി ധരിച്ചാണ് അദേഹം റോഡ് ഷോയിൽ പങ്കെടുത്തത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ സി ആർ പട്ടേലും വാഹനത്തിൽ മോദിക്കൊപ്പം റാലിയിൽ പങ്കെടുത്തു.മേംനഗറിലെ ജിഎംഡിസി മൈതാനത്ത് ഒരു ലക്ഷത്തിലധികം വരുന്ന ഗ്രാമ പഞ്ചായത്ത് പ്രതിനിധികളുടെ ‘ഗുജറാത്ത് പഞ്ചായത്ത് മഹാ സമ്മേളൻ’ എന്ന പരിപാടിയെ മോദി അഭിസംബോധന ചെയ്യും. ഇതു കൂടാതെ രാഷ്ട്രീയ രക്ഷാ സർവകലാശാലയുടെ ബിരുദദാന ചടങ്ങിലും അദ്ദേഹം പങ്കെടുക്കും. അതിനു ശേഷം രാജ്ഭവനിലും അവിടുന്ന് നവരംഗപുരയിലെ സർദാർ പട്ടേൽ സ്റ്റേഡിയത്തിൽ നടക്കുന്ന ‘ഖേൽ മഹാകുംഭ്’ എന്ന പരിപാടിയിലും കൂടി പങ്കെടുത്ത ശേഷമാകും മോദി തിരികെ ഡൽഹിയിലേക്കു തിരിക്കുക.