മലപ്പുറത്ത് സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിനെ പൊലീസ് രാജസ്ഥാനിൽ നിന്നും അറസ്റ്റ് ചെയ്തു
മലപ്പുറം: പതിനാറുകാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം മുങ്ങിയ ഇതരസംസ്ഥാന തൊഴിലാളി ആറ് വർഷത്തിന് ശേഷം പിടിയിൽ. ബിഹാർ മുസാഫിർപൂർ സ്വദേശി മുഹമ്മദ് സാദിഖ് റയിനെയാണ് (49) രാജസ്ഥാനിൽ നിന്ന് പെരുമ്പടപ്പ് പൊലീസ് പ്രത്യേകാന്വേഷണ സംഘം പിടികൂടിയത്.2016ലാണ് കേസിനാസ്പദമായ സംഭവം. ബിഹാറിലെ ആദ്യ വിവാഹത്തിലെ ഭാര്യയുടെ മരണശേഷം ഇരട്ട പെൺകുട്ടികളുമായി കേരളത്തിലെത്തിയ പ്രതി മലയാളി യുവതിയെ വിവാഹം ചെയ്ത് പെരുമ്പടപ്പ് പുത്തൽപള്ളിയിൽ താമസിക്കുകയായിരുന്നു. ഇതിനിടെ വീട്ടിൽവച്ച് പലതവണ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. എതിർക്കാതിരിക്കാൻ ശരീരത്തിൽ കത്തികൊണ്ട് ആഴത്തിൽ മുറിവേൽപ്പിച്ചിരുന്നു. പീഡന വിവരം പുറത്തുപറഞ്ഞാൽ പെൺകുട്ടിയെയും സഹോദരിയെയും രണ്ടാനമ്മയെയും കൊല്ലുമെന്നും പ്രതി ഭീഷണിപ്പെടുത്തി. ഗർഭം അലസിപ്പിക്കാൻ പാലക്കാട്ടെ നാട്ടുവൈദ്യന്റെയടുത്ത് കൊണ്ടുപോയെങ്കിലും ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയതോടെയാണ് പീഡന വിവരം പുറത്തായത്.ബംഗാളികളായ മൂന്ന് പേർ പാലപ്പെട്ടയിൽ വച്ച് കാറിൽ തട്ടികൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പെൺകുട്ടിയുടെ ആദ്യ മൊഴി. ഇത് വിശ്വാസയോഗ്യമല്ലെന്ന് ബോദ്ധ്യപ്പെട്ട പൊലീസ് വീണ്ടും മൊഴിയെടുത്തപ്പോൾ പിതാവിന്റെ മൂത്തസഹോദരന്റെ മകനുമായി പ്രണയത്തിലായിരുന്നെന്നും കേരളത്തിൽ ജോലി തേടി വന്ന സമയത്ത് പീഡിപ്പിച്ചതാണെന്നും പറഞ്ഞു. ഇതിലെ പൊരുത്തക്കേടുകൾ ബോദ്ധ്യപ്പെട്ട പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചപ്പോൾ പിതാവ് തന്നെ പീഡിപ്പിച്ചതാണെന്ന് പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തി. ഇതിനിടെ മുങ്ങിയ പ്രതി വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.നേപ്പാളുമായി അതിർത്തി പങ്കിടുന്ന ബിഹാറിലെ സീതാമർഹിയിൽ നിന്നും മൂന്നാമതും വിവാഹം കഴിച്ച പ്രതി രാജസ്ഥാനിലെ ഭീവാടി ആൽവാർ വ്യവസായ മേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു. ഇയാളുടെ ബന്ധുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചത്. പെരുമ്പടപ്പ് പൊലീസ് ഇൻസ്പെക്ടർ പി.എം. വിനോദ്, എ.എസ്.ഐ പ്രീത, സി.പി.ഒമാരായ രഞ്ജിത്ത്, നാസർ, വിഷ്ണു, നാരായണൻ എന്നിവരാണ് പ്രത്യേകാന്വേഷണ സംഘത്തിലുണ്ടായിരുന്നത്.