വടകരയിൽ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പടക്കം പൊട്ടി പ്രവർത്തകന്റെ കൈപ്പത്തി തകർന്നു
വടകര : യു പി ഉൾപ്പടെ നാല് സംസ്ഥാനങ്ങളിൽ ബി ജെ പി മിന്നും വിജയം സ്വന്തമാക്കിയതിന് പിന്നാലെ വടകരയിൽ നടന്ന ആഹ്ളാദ പ്രകടനത്തിൽ ബി ജെ പി പ്രവർത്തകന് പരിക്കേറ്റു. പടക്കം പൊട്ടിയാണ് പുളിയുള്ളതിൽ പ്രവീണിന്റെ വലത് കൈപ്പത്തി തകർന്നത്. വടകര ഓർക്കാട്ടേരി കൈപ്രത്തെ ബസ് സ്റ്റോപ്പിനടുത്താണ് സംഭവം. രാത്രി എട്ടരയോടെയാണ് ഇവിടെ പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തിയത്.പരിക്കേറ്റ പ്രവീണിനെ ആദ്യം വടകര സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നാലെ ഇയാളെ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക് മാറ്റി. ആഹ്ളാദ പ്രകടനത്തിനിടെ പടക്കം കൈയിൽ ഇരുന്ന് പൊട്ടിയെന്ന് സംശയിക്കുന്നതായും, സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.