യുക്രെയിനിൽ നിന്ന് മടങ്ങിവന്ന വിദ്യാർത്ഥികൾക്ക് സഹായം, ബഡ്ജറ്റിൽ വകയിരുത്തിയത് പത്തുകോടി
തിരുവനന്തപുരം: റഷ്യ- യുക്രെയിൻ സംഘർഷത്തെത്തുടർന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്ക് സംസ്ഥാന ബഡ്ജറ്റിൽ ആശ്വാസ പ്രഖ്യാപനം.സംഘര്‍ഷത്തിന്റെ ഭാഗമായി നാട്ടിലേക്ക് തിരികെ വന്ന വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം സാദ്ധ്യമാക്കാനും സര്‍ട്ടിഫിക്കറ്റുകളും രേഖകളും കൈമോശം വന്നവര്‍ക്ക് അത് വീണ്ടെടുക്കാനും വിദേശത്ത് പഠിക്കുന്ന മലയാളികളുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കാനുമായി നോര്‍ക്ക വകുപ്പിന് 10 കോടി രൂപയാണ് അനുവദിച്ചത്.സംഘർഷ ഭൂമിയിൽ നിന്ന് സർട്ടിഫിക്കറ്റുൾപ്പടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ ഉപേക്ഷിച്ച് നിരവധി വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെത്തിയത്. തുടർന്ന പഠന കാര്യത്തിലുൾപ്പെടെ ഇവർ കടുത്ത ആശങ്കയിലായിരിക്കുമ്പോഴാണ് ആശ്വാസ പ്രഖ്യാപനവുമായി സർക്കാർ എത്തിയത്.രക്ഷാ ദൗത്യമായാ ഓപ്പറേഷൻ ഗംഗയിലൂടെ യുക്രെയിനിൽ നിന്ന് കഴിഞ്ഞ ദിവസവും മലയാളികൾ മടങ്ങിയെത്തിയിരുന്നു. കടുത്ത പോരാട്ടം നടക്കുന്ന സുമിയിൽ കുടുങ്ങിക്കിടന്നവരായിരുന്നു ഇതിൽ കൂടുതലും. ഇന്നലെ മാത്രം മലയാളികൾ ഉൾപ്പടെ 694 പേരടങ്ങുന്ന വിദ്യാർത്ഥി സംഘത്തെയാണ് നാട്ടിലെത്തിയത്. ഇതോടെ ഓപ്പറേഷൻ ഗംഗയ്ക്ക് ശുഭ പര്യവസായിയായി.എൽവിവിൽ നിന്ന് പ്രത്യേക ട്രെയിനിൽ പോളണ്ട് അതിർത്തിയിൽ എത്തിയ വിദ്യാർത്ഥികൾ ഇന്നലെ വൈകിട്ട് റൊമാനിയൻ തലസ്ഥാനമായ ബുക്കാറസ്റ്റിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചു. പുലർച്ചെ ഇന്ത്യയിലെത്തി. നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്ഥാൻ, ടുണീഷ്യ എന്നിവിടങ്ങളിലെ പൗരന്മാരും സംഘത്തിലുണ്ട്. ഇവരെ 12 ബസുകളിലായി ഇന്ത്യൻ എംബസിയുടെയും റെഡ് ക്രോസിന്റെയും വാഹനങ്ങളുടെ അകമ്പടിയോടെ 10 മണിക്കൂറോളം എടുത്താണ് പോൾട്ടോവയിൽ എത്തിച്ചത്. അവിടെ നിന്നും എൽവിവിലെത്തിക്കുകയായിരുന്നു. റഷ്യൻ അധിനിവേശം ശക്തമായ സുമിയിൽ രണ്ടാഴ്ചയോളം വിദ്യാർത്ഥികൾക്ക് കഴിയേണ്ടി വന്നിരുന്നു.12 ദിവസം മുമ്പാണ് യുക്രെയിനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെയടക്കം രക്ഷപ്പെടുത്താനായി കേന്ദ്ര സർക്കാർ ഓപ്പറേഷൻ ഗംഗ ദൗത്യം ആരംഭിച്ചത്. 17,000 പേരെ ദൗത്യത്തിലൂടെ രക്ഷപ്പെടുത്തി.