കെ റെയിലുമായി മുന്നോട്ട്, ബഡ്ജറ്റിൽ വകയിരുത്തിയത് 2000 കോടി, പദ്ധതിക്ക് കേന്ദ്രം അനുമതി നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി
തിരുവനന്തപുരം : പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിലിന്റെ മുന്നൊരുക്കത്തിന് ബഡ്ജറ്റിൽ വൻ തുക നീക്കിവച്ചു. സിൽവർ ലൈൻ പദ്ധതിയുടെ ഭൂമിയേറ്റെടുക്കലിനായി രണ്ടായിരം കോടിയാണ് ബഡ്ജറ്റിൽ വകയിരുത്തിയത്. പദ്ധതിയുടെ സർവേ നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പദ്ധതിക്കെതിരെ ജനരോഷം ഉയരുന്നുണ്ടെങ്കിലും, സിൽവർലൈൻ പദ്ധതി കേരളത്തിന്റെ വികസനത്തിന് അനിവാര്യമാണെന്ന് ധനമന്ത്രി ബഡ്ജറ്റ് അവതരണത്തിനിടെ പറഞ്ഞു. 63,941 കോടി രൂപ ചെലവഴിച്ച് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സിൽവർലൈൻ പദ്ധതിക്കായി കേന്ദ്രം അനുമതി നൽകുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി പറഞ്ഞു.ഇലക്ട്രിക് ട്രെയിനുകൾ സംസ്ഥാന വികസനത്തിന് അനിവാര്യമാണ്. ഗതാഗത മേഖലയിൽ പുതിയ റോഡുകൾ നിർമ്മിക്കുവാനും കോടികൾ നീക്കി വച്ചിട്ടുണ്ട്. ഗതാഗത മേഖലയ്ക്ക് 1888 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പൊതു ഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിനായി കടബാദ്ധ്യതയിൽ കഷ്ടപ്പെടുന്ന കെ എസ് ആർ ടി സിക്ക് ആയിരം കോടിയും ബഡ്ജറ്റിൽ നീക്കി വച്ചിട്ടുണ്ട്. നിലവിലുള്ള ഓട്ടോകൾ ഇഓട്ടോയിലേയ്ക്ക് മാറാൻ വണ്ടിയൊന്നിന് 15,000 രൂപ സബ്സിഡി നൽകും. ഇതിന് പുറമേ കൊച്ചി ജല മെട്രോ പദ്ധതിക്കായി 150 കോടിയും ശബരിമല വിമാനത്താവളത്തിന്റെ ഡിപിആറിനായി രണ്ട് കോടിയും ബഡ്ജറ്റിൽ അനുവദിച്ചിട്ടുണ്ട്.