റബ്ബർ കർഷകരെ രക്ഷിക്കാൻ റോഡിൽ റബ്ബർ മിശ്രിതം ചേർക്കുന്നത് വ്യാപകമാക്കും, റബ്ബർ സബ്സിഡിയ്ക്ക് 500 കോടിയുടെ ബഡ്ജറ്റ് പ്രഖ്യാപനം
തിരുവനന്തപുരം : ഏറെ വെല്ലുവിളി നേരിടുന്ന റബ്ബർ കർഷകർക്ക് ആശ്വാസമായി ബഡ്ജറ്റ് പ്രഖ്യാപനം. റബ്ബറിന് മിനിമം രൂപ ഉറപ്പാക്കാനായി 500 കോടിയുടെ റബ്ബർ സബ്സിഡി ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിന് പുറമേ റബ്ബർ ഉത്പന്നങ്ങൾ റോഡ് നിർമ്മാണത്തിലുൾപ്പടെ ഉപയോഗിക്കുന്നത് വ്യാപകമാക്കുമെന്നും മന്ത്രി അറിയിച്ചു. നിലവിൽ റബ്ബറൈസ്ഡ് റോഡുകൾ സംസ്ഥാനത്തുണ്ടെങ്കിലും, ഇനി മുതൽ കിഫ്ബി, പൊതുമരാമത്ത് വകുപ്പുകൾ നിർമ്മിക്കുന്ന എല്ലാ റോഡുകളിലും റബ്ബർ മിശ്രിതം ടാറിനൊപ്പം ചേർക്കും.ബഡ്ജറ്റിൽ കാർഷിക മേഖലയ്ക്ക് നിരവധി പ്രഖ്യാപനങ്ങളാണ് മന്ത്രി നടത്തിയത്. ഇതിൽ ഏറ്റവും പ്രധാനം സംസ്ഥാനത്ത് പത്ത് മിനി ഫുഡ് പാർക്ക് അനുവദിക്കുമെന്നതാണ്. സിയാൽ മാതൃകയിൽ കമ്പനി രൂപീകരിച്ച് ഉത്പന്നങ്ങളുടെ ബ്രാൻഡിംഗ് മാർക്കറ്റിംഗ് തുടങ്ങിയവ ചെയ്യും. പ്ലാന്റേഷൻ നിയമത്തിൽ പഴവർഗ വിളകൾ കൂടി ഉൾപ്പെടുത്തുന്നത് പരിശോധിക്കും. ഇതിന് പുറമേ തെക്കു കിഴക്കൻ ഏഷ്യയിലെ രാജ്യങ്ങളിൽ കാർഷിക മേഖലയിൽ ഉപയോഗിക്കുന്ന ചെറുകിട ഉപകരണങ്ങൾ ലഭ്യമാക്കും.