തിരഞ്ഞെടുപ്പിലെ വമ്പൻ പരാജയം; അടിയന്തര കൂടിക്കാഴിചയ്ക്കൊരുങ്ങി കോൺഗ്രസിന്റെ ജി 23 നേതാക്കൾ
ന്യൂഡൽഹി: ഉത്തർപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ കോൺഗ്രസ് എന്ന പേരു തന്നെ രാജ്യത്തു നാമാവശേഷമാക്കിയിരിക്കുകയാണ്. കോൺഗ്രസിനു നേരിടേണ്ടി വന്ന ഈ തകർച്ചയുടെ പശ്ചാത്തലത്തിൽ അടിയന്തര കൂടിക്കാഴ്ച നടത്താനൊരുങ്ങി കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ (ജി 23 നേതാക്കൾ). ഗുലാം നബി ആസാദ്, കപിൽ സിബൽ, ശശി തരൂർ, മനീഷ് തീവാരി തുടങ്ങിയ മുതിർന്ന നേതാക്കൾ ഉൾപ്പെടുന്നതാണ് ജി 23 സംഘം.കോൺഗ്രസ് നേരിട്ട പരാജയം വളരെ ദയനീയമായിരുന്നു. പഞ്ചാബിൽ ആം ആദ്മിയോട് തോറ്റ കോൺഗ്രസ് മറ്റു നാലു സംസ്ഥാനങ്ങളിലും തരിപ്പണമായി. പഞ്ചാബ് തിരഞ്ഞെടുപ്പിലെ താര പ്രചാരകരുടെ പട്ടികയിൽ ജി 23ലെ പ്രധാന നേതാക്കളായ ഗുലാബ് നബി ആസാദും മനീഷ് തീവാരിയുമൊന്നും ഇടം പിടിച്ചിരുന്നില്ല.പാർട്ടിയിലെ സംഘടനാപരമായ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് 2020ൽ ജി 23 നേതാക്കൾ സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു. കോൺഗ്രസ് പ്രവർത്തക സമിതി (സിഡബ്ല്യുസി) യുടെ പ്രസിഡന്റ്, അംഗങ്ങൾ, പാർട്ടിയുടെ പാർലമെന്ററി ബോർഡ് എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് അന്ന് കത്തിലുണ്ടായിരുന്നത്.തിരഞ്ഞെടുപ്പ് ഫലങ്ങളും തങ്ങൾ നേരിട്ട തോൽവിയെയും പറ്റി വിലയിരുത്താനായി ഉടൻ തന്നെ ഒരു പ്രവർത്തക സമിതിയോഗം ചേരുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സർജേവാല കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അഞ്ചു സംസ്ഥാനങ്ങളിലെയും ഫലങ്ങൾ കോൺഗ്രസിന്റെ പ്രതീക്ഷയ്ക്കെതിരായിട്ടാണ് വന്നത്. ഞങ്ങളതിനെ അംഗീകരിക്കുന്നു. തെരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്താനായി സോണിയ ഗാന്ധി വൈകാതെ തന്നെ പ്രവർത്തക സമിതിയോഗം ചേരുമെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.