തിരുവനന്തപുരത്ത് മെഡിക്കൽ ഇന്നവേഷൻ പാർക്ക്,കിഫ്ബി വഴി 100 കോടി: ബഡ്ജറ്റ് അവതരണം തുടങ്ങി
തിരുവനന്തപുരം: തലസ്ഥാനത്ത് മെഡിക്കൽ ഇന്നവേഷൻ പാർക്ക് സ്ഥാപിക്കുമെന്ന് ധനമന്ത്രി .ലോക സമാധാന സമ്മേളനത്തിന് രണ്ടുകോടി സംസ്ഥാന ബഡ്ജറ്റിൽ വകയിരുത്തി. സാമ്പത്തിക മേഖലയിൽ പ്രതിസന്ധി അവസാനിച്ചിട്ടില്ലെന്നും ബഡ് ജറ്റ് അവതരിപ്പിക്കവെ അദ്ദേഹം പറഞ്ഞു.ബഡ്ജറ്റിൽ നികുതി, നികുതിയേതര വരുമാനം ഉയർത്താൻ ബഡ്ജറ്റിൽ നടപടികൾ സ്വീകരിച്ചേക്കും. ചെലവു ചുരുക്കാൻ നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന സൂചന ധനമന്ത്രി നൽകിയിട്ടുണ്ട്. ഏറ്റവുമധികം നികുതി വരുമാനം ലഭിക്കുന്ന മദ്യം,വാഹനങ്ങൾ തുടങ്ങിയ മേഖലകളിൽ നികുതി കൂട്ടിയേക്കും. സാമ്പത്തിക പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ ക്ഷേമപദ്ധതികൾക്കുള്ള വിഹിതവും കുറഞ്ഞേക്കാം.സർക്കാർ സേവനങ്ങൾക്ക് ഫീസും, ഭൂനികുതിയും, ഭൂമിയുടെ ന്യായവിലയും ഉയർത്തുന്നതും പരിഗണനയിലുണ്ട്. ജി.എസ്.ടി നടപ്പാക്കിയതിന് ശേഷം സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ വർഷം തോറും 20,000 കോടി രൂപയോളം കുറവുണ്ടെന്നാണ് സൂചന. ഈ വർഷവും ജി.എസ്.ടി നഷ്ടപരിഹാരം കേന്ദ്രം നൽകുമെന്നാണ് അനുമാനം.
ചെലവ് ചുരുക്കുന്നതിനെക്കാൾ വരുമാനം ഉയർത്തുന്നതാവും വലിയ വെല്ലുവിളി. മഹാപ്രളയത്തിലും കൊവിഡിലും വരുമാനം കുത്തനെ ഇടിഞ്ഞു. ചെലവ് കുതിച്ചു. ഈ അന്തരം മറികടക്കുകയാണ് ലക്ഷ്യം. ഇതിനുള്ള നടപടികൾ ബഡ്ജറ്റിലുണ്ടാവുമെന്നാണ് കരുതുന്നത്.കെ എൻ ബാലഗോപാലിന്റെ ആദ്യ സമ്പൂർണ ബഡ്ജറ്റാണ് ഇന്നത്തേത്.