അഞ്ചിൽ നാലിലും ബി ജെ പി തേരോട്ടം, പഞ്ചാബ് തട്ടിയെടുത്ത് ആം ആദ്മി, തകർന്നടിഞ്ഞ് കോൺഗ്രസ്
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിലും ബി ജെ പിയുടെ തേരോട്ടം. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിലാണ് ബി ജെ പി വ്യക്തമായ ലീഡ് നേടിയത്. പഞ്ചാബിൽ ആം ആദ്മി പാർട്ടിയാണ് മുന്നേറുന്നത്. കൈയിലിരുന്ന പഞ്ചാബ് കൂടി പോയതോടെ തീരെ ഏറെ ദയനീയാവസ്ഥയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് കോൺഗ്രസ്. ഉത്തർപ്രദേശിലെ മായാവതിയുടെ ബി എസ് പി ഇപ്പോഴും ഒറ്റ അക്കത്തിൽ തന്നെയാണ്. അധികാരം തിരിച്ചുപിടിക്കാനായില്ലെങ്കിലും ഭേദപ്പെട്ട പ്രകടനമാണ് ബി എസ് പി നടത്തിയത്.ഉത്തർപ്രദേശിൽ വ്യക്തമായ ലീഡ് നിലയോടെ ബി ജെ പി മുന്നേറുകയാണ്. ഒടുവിൽ റിപ്പോർട്ടുകിട്ടുമ്പോൾ 274 സീറ്റുകളിലാണ് പാർട്ടി ലീഡ് നിലനിറുത്തുന്നത്. കോൺഗ്രസ്, കർഷക സമര ശക്തികേന്ദ്രങ്ങളും ഇതിൽപ്പെടും. മുഖ്യമന്ത്രി യോഗി ഉൾപ്പടെ തിരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ മന്ത്രിമാരും ലീഡ് ചെയ്യുകയാണ്. ്118 സീറ്റുകളിലാണ് എസ് പി ലീഡ് ചെയ്യുന്നത്. കോൺഗ്രസ് ആറിടത്തും ബി എസ് പി ഏഴിടത്തും മാത്രമാണ് മുന്നേറുന്നത്.പഞ്ചാബിൽ കോൺഗ്രസ് അമ്പേ തകർന്നടിഞ്ഞു. ആപ്പിന്റെ(എ എ പി ) തേരോട്ടത്തിന് മുന്നിൽ ബിജെപിയുടെയും ശിരോമണി അകാലിദളിന്റെയും അവസ്ഥ ഇതു തന്നെയാണ്. നിലവിലെ മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ഛന്നി മത്സരിച്ച രണ്ട് സീറ്റിലും പിന്നിലാണ്. മുൻ പഞ്ചാബ് മുഖ്യമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ അമരീന്ദർ സിംഗിന് പട്യാലയിൽ ദയനീയപരാജയമാണ്. പട്യാല സീറ്റിലെ വോട്ടെണ്ണൽ അവസാനിച്ചപ്പോൾ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് അദ്ദേഹം. എഎപിയുടെ അജിത്ത് പാൽ സിംഗാണ് ഇവിടെ വിജയിച്ചത്.അമൃത്സർ ഈസ്റ്റിൽ മത്സരിച്ച പഞ്ചാബ് പിസിസി അദ്ധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ദുവിനും പരാജയമാണ്. സിദ്ദു മൂന്നാം സ്ഥാനത്തേക്കാണ് ഇവിടെ പിന്തള്ളപ്പെട്ടത്. എഎപിയുടെ ജീവൻ ജ്യോത് കൗറാണ് ഇവിടെ വിജയിച്ചത്. ഒടുവിൽ റിപ്പോർട്ടുകിട്ടുമ്പോൾ എ എ പി-89, കോൺഗ്രസ്-15, ബി ജെ പി-4,എസ് എ ഡി-8 എന്നിങ്ങനെയാണ് ലീഡ് നില.ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഉത്തരാഖണ്ഡിൽ ബിജെപിയ്ക്ക് ലീഡ്. 44 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുകയാണ്. 22 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് ഇപ്പോൾ മുന്നിലുള്ളത്. മറ്റുള്ളവർ നാല് സീറ്റിൽ ലീഡ് ചെയ്യുന്നു. 70 സീറ്റുകളുള്ള സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്നായിരുന്നു ഭൂരിഭാഗം സർവേകളും പ്രവചിച്ചിരുന്നത്. സംസ്ഥാനത്തെ ആദ്യ ഫലസൂചനകൾ വന്ന് തുടങ്ങിയപ്പോൾ തന്നെ ബിജെപിക്കായിരുന്നു മുൻതൂക്കം. വോട്ടെടുപ്പ് തുടങ്ങിയപ്പോൾ ഒരു സീറ്റിൽ ലീഡ് നേടിയിരുന്ന ആംആദ്മിയ്ക്ക് ഇപ്പോൾ ഒരിടത്തും ലീഡില്ല. സംസ്ഥാനത്ത് ആം ആദ്മിക്ക് ഒരു സീറ്റ് ലഭിക്കുമെന്നാണ് സർവേ ഫലങ്ങൾ പ്രവചിക്കുന്നത്. ഒരവസരം തരൂ എന്ന മുദ്രാവാക്യമാണ് ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിൽ എഎപി ഉയർത്തിപ്പിടിച്ചത്.മണിപ്പൂരിൽ 60 സീറ്റിൽ 28 ഇടത്തും ലീഡ് ചെയ്തുകൊണ്ട് ഏറ്റവും വലിയ ഒറ്റ കക്ഷിയാവാനൊരുങ്ങി ബിജെപി. വോട്ടെണ്ണലിന്റെ ആദ്യ രണ്ട് മണിക്കൂർ കഴിയുമ്പോഴും കോൺഗ്രസിന് 2017ൽ നേടിയ സീറ്റുകളുടെ എണ്ണത്തിന്റെ പകുതിയിൽ പോലും ലീഡ് പിടിക്കാനായിട്ടില്ല. ആകെ ഏഴിടത്തു മാത്രമാണ് കോൺഗ്രസിന് ലീഡ്. നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) പതിമൂന്നിടത്തും ലീഡ് ചെയ്യുന്നുണ്ട്.വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്കടുക്കുമ്പോൾ ഗോവയിൽ ഭരണത്തുടർച്ചയ്ക്കൊരുങ്ങി ബി ജെ പി. 17സീറ്റുകളിലായി ബി ജെ പി ലീഡ് ചെയ്യുകയാണ്. പന്ത്രണ്ട് സീറ്റുകളിലായി കോൺഗ്രസ് പിന്നാലെയുണ്ട്. തൃണമൂൽ നാലിടത്തും എ എ പി രണ്ടിടത്തും ലീഡുചെയ്യുന്നുണ്ട്. 40 നിയമസഭാ സീറ്റുകളിലായി 332 സ്ഥാനാർത്ഥികളാണ് അങ്കം കുറിച്ചത്.