സിദ്ദു മൂന്നാമത്, അമരീന്ദർ സിംഗ് നാലാമത്; വൻമരങ്ങളെല്ലാം വീണു; പഞ്ചാബിൽ ആപ്പ് രചിക്കുന്നത് പുതുചരിത്രം
അമൃത്സർ: പഞ്ചാബിൽ തകർന്നടിഞ്ഞ് കോൺഗ്രസ്. ആപ്പിന്റെ തേരോട്ടത്തിന് മുന്നിൽ ബിജെപിയുടെയും ശിരോമണി അകാലിദളിന്റെയും അവസ്ഥ ഇതു തന്നെയാണ്. നിലവിലെ മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ഛന്നി മത്സരിച്ച രണ്ട് സീറ്റിലും പിന്നിലാണ്. മുൻ പഞ്ചാബ് മുഖ്യമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ അമരീന്ദർ സിംഗിന് പട്യാലയിൽ ദയനീയപരാജയമാണ്. പട്യാല സീറ്റിലെ വോട്ടെണ്ണൽ അവസാനിച്ചപ്പോൾ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് അദ്ദേഹം. എഎപിയുടെ അജിത്ത് പാൽ സിംഗാണ് ഇവിടെ വിജയിച്ചത്.അമൃത്സർ ഈസ്റ്റിൽ മത്സരിച്ച പഞ്ചാബ് പിസിസി അദ്ധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ദുവിനും പരാജയമാണ്. സിദ്ദു മൂന്നാം സ്ഥാനത്തേക്കാണ് ഇവിടെ പിന്തള്ളപ്പെട്ടത്. എഎപിയുടെ ജീവൻ ജ്യോത് കൗറാണ് ഇവിടെ വിജയിച്ചത്.ലാംബിയിൽ മത്സരിച്ച മുൻ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലും ശിരോമണി അകാലിദൾ അദ്ധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ ജലാലാബാദിലും പരാജയം ഏറ്റുവാങ്ങി. കോൺഗ്രസ് നേതാവും മന്ത്രിയുമായ ഗുർകീരത് സിംഗും ഏറെ പിന്നിലാണ്.117 സീറ്റുകളുള്ള പഞ്ചാബിൽ അധികാരത്തിലിരുന്ന കോൺഗ്രസ് പാർട്ടിയുടെ ലീഡ് നില 13 ആയി കുറഞ്ഞിരിക്കുകയാണ്. ആകെ 1304 സ്ഥാനാർഥികളാണ് പഞ്ചാബിൽ മത്സര രംഗത്തുണ്ടായിരുന്നത്. ഇതിൽ 93 സ്ത്രീകളും രണ്ട് ട്രാൻസ്ജൻഡേഴ്സും ഉൾപ്പെടുന്നു. ആപ്പിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഭഗവന്ത് സിംഗ് മാനാണ്. 90 സീറ്റിലും എഎപി ലീഡ് ചെയ്യുകയാണ്.