നാഗചൈതന്യ കൊടുത്ത പുടവ തിരിച്ച് നൽകി സാമന്ത; താരത്തിന്റെ തീരുമാനത്തിന് പിന്നിലെ കാരണമിത്
തെന്നിന്ത്യയിലെ സൂപ്പർതാരജോടികളായിരുന്നു സാമന്തയും നാഗചൈതന്യയും. അക്കിനേനി കുടുംബത്തിലേക്കുള്ള സാമന്തയുടെ വരവ് മാദ്ധ്യമങ്ങളും ആരാധകരും ഒരുപോലെ ആഘോഷിച്ചിരുന്നു. എന്നാൽ, എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അടുത്തിടെയാണ് തങ്ങൾ വേർപിരിയുന്നുവെന്ന വാർത്ത ഇരുവരും പുറത്തു വിട്ടത്.ഏറെ ആലോചിച്ചതിനു ശേഷം തങ്ങൾ ഭാര്യഭർത്താക്കന്മാരെന്ന രീതിയിൽ വേർപിരിയാനും അവരവരുടേതായ പാത പിന്തുടരാനും തീരുമാനിച്ചുവെന്നാണ് വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് നാഗചൈതന്യ പറഞ്ഞത്. അതേസമയം സൗഹൃദം തങ്ങൾക്കിടയിൽ ഇനിയും ഉണ്ടാകുമെന്നും അന്ന് പറഞ്ഞിരുന്നു. വിവാഹമോചനത്തിന് പിന്നാലെ സാമന്തയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ നിരവധി ആക്രമണങ്ങളുമുണ്ടായി.ഇപ്പോഴിതാ, സാമന്ത തന്റെ വിവാഹപ്പുടവ അക്കിനേനി കുടുംബത്തിന് തിരിച്ചു നൽകിയെന്നാണ് പുറത്തു വരുന്ന വാർത്ത. നാഗചൈതന്യയുമായി ബന്ധപ്പെട്ട ഒരോർമ്മയും തനിക്ക് വേണ്ട എന്ന നിലപാടാണ് സാമന്തയ്ക്കുള്ളതെന്നാണ് അവരുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.അഞ്ചാം വിവാഹവാർഷികത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെയായിരുന്നു ഇരുവരും പിരിയാൻ തീരുമാനിച്ചത്. വിവാഹമോചനം നേടാൻ തീരുമാനിച്ചതോടെ സാമന്ത തന്റെ പേരിനൊപ്പം ചേർത്ത അക്കിനേനി എന്ന കുടുംബപേര് പിൻവലിക്കുകയും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും ഡിലീറ്റും ചെയ്തിരുന്നു.