കൊച്ചിയിൽ പ്രണയം നിരസിച്ചതിന് ഒമ്പതാം ക്ലാസുകാരിയെ ഓട്ടോ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതികൾ അറസ്റ്റിൽ
കൊച്ചി: പ്രണയം നിരസിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോറിക്ഷ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമം. ഏലൂർ പാതാളാത്താണ് സംഭവം. കഴിഞ്ഞ ദിവസം വൈകിട്ട് നാലു മണിയോടെയാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിക്കു നേരെ ആക്രമണമുണ്ടായത്. സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയിൽ വച്ചാണ് അമിവേഗത്തിൽ പ്രതികൾ ഓട്ടോറിക്ഷ ഓടിച്ച് ഇടിക്കാനായി വന്നത്. തന്റെ നേരേ പാഞ്ഞു വരുന്നതു കണ്ട് പേടിച്ച് ഓടി മാറുകയായിരുന്നുവെന്ന് പെൺകുട്ടി പൊലീസിനോടു പറഞ്ഞു.പാതാളം വള്ളോപ്പിള്ളി സ്വദേശി ശിവ(18), ബന്ധു കാർത്തി(18), ഇവരുടെ സുഹൃത്ത് ചിറക്കുഴി സെൽവം(34) എന്നിവരെ അറസ്റ്റ് ചെയ്തു. ശിവയാണ് പെൺകുട്ടിയോട് ഇഷ്ടം പറഞ്ഞത്. പെൺകുട്ടി പ്രണയം നിരസിച്ചതോടെ പതിവായി പിന്നാലെ നടന്ന് ശല്യപ്പെടുത്തുമായിരുന്നു. കഴിഞ്ഞദിവസവും സ്കൂൾ വിട്ടു വന്ന സമയത്ത് എതിരെ ഓട്ടോറിക്ഷയിൽ വന്നിരുന്നു.അടുത്തെത്തിയപ്പോൾ വേഗം കുറച്ച് അതിലുണ്ടായിരുന്ന ഒരാൾ സിഗരറ്റു കുറ്റി തന്റെ നേരെ വലിച്ചെറിയുകയും കളിയാക്കുകയും ചെയ്തെന്നു പെൺകുട്ടി പറയുന്നു. കുറച്ച് ദൂരം പിന്നിട്ടപ്പോഴാണ് ഓട്ടോറിക്ഷ അമിതവേഗത്തിൽ പാഞ്ഞു വന്നതും പെൺകുട്ടി ഓടി മാറിയതും. പൊലീസിൽ പരാതി നൽകിയതോടെ പ്രതികളെ വൈകുന്നേരം തന്നെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.