സ്വർണവില റെക്കോഡിലേക്ക്; ഒറ്റ ദിവസം കൂടിയത് 1040 രൂപ, വെള്ളിക്കും വില ഉയരുന്നു
കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. 1040 രൂപയുടെ വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. സമീപകാലത്ത് ഇത്രയും വില വർദ്ധനവ് ഉണ്ടാകുന്നത് ആദ്യമായാണ്.40,560 രൂപയാണ് ഇന്ന് ഒരു പവന് വില രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 130 രൂപ ഉയർന്ന് 5070 രൂപയായി. രണ്ട് മാസത്തിനിടെ 3840 രൂപയുടെ വിലവർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. റഷ്യ യുക്രെയിൻ സംഘർഷത്തിന് പിന്നാലെ രാജ്യാന്തര വിപണിയിൽ വിലകൂടിയതാണ് സ്വർണവില റെക്കോഡ് വർദ്ധനവിൽ എത്താൻ കാരണം. രൂപയുടെ മൂല്യമിടിയുന്നതാണ് മറ്റൊരു കാരണമായി വിദഗ്ദ്ധർ വിലയിരുത്തുന്നത്. 2020 ഓഗസ്റ്റ് ഏഴിനായിരുന്നു സംസ്ഥാനത്ത് എക്കാലത്തെയും ഉയർന്ന വിലയായ 42,000 രൂപ രേഖപ്പെടുത്തിയത്.രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എം സി എക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാമിന് 1.4 ശതമാനം ഉയർന്ന് 55,190 രൂപയായി. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ട്രോയ് ഔൺസിന് 54 ഡോളർ കൂടി 2053.13 നിലവാരത്തിലെത്തി. സ്വർണത്തിന് പുറമേ വെള്ളിവിലയിലും വർദ്ധനവ് ഉണ്ടായിരിക്കുകയാണ്.