നശിപ്പിച്ച തെളിവുകൾ തിരിച്ചുപിടിച്ച് ക്രൈംബ്രാഞ്ച്; ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കും
കൊച്ചി: വധഗൂഢാലോചനക്കേസിൽ നിർണായക തെളിവുകൾ കണ്ടെത്തി ക്രൈംബ്രാഞ്ച്. ദിലീപ് അടക്കമുള്ള പ്രതികളുടെ മൊബൈലിൽ നിന്നും നശിപ്പിച്ച ഡിജിറ്റൽ തെളിവുകളാണ് മുംബയിലെ ലാബിൽ നിന്നും അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ഫോൺ ഡേറ്റ പകർത്തിയ ഹാർഡ് ഡിസ്കിന്റെ മിറർ കോപ്പിയും ലാബ് തയ്യാറാക്കിയ ഫോറൻസിക് റിപ്പോർട്ടും കണ്ടെത്തിയിട്ടുണ്ട്.ആറ് മൊബൈൽ ഫോണുകൾ ഹാജരാക്കാനാണ് ക്രൈംബ്രാഞ്ച് ദിലീപിനോടും സംഘത്തോടും ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കോടതിയിൽ നടന്ന നീണ്ട വാദ പ്രതിവാദങ്ങൾക്കൊടുവിലാണ് ദിലീപും കൂട്ടരും ഫോൺ ഹാജരാക്കിയത്. ഈ സമയം പ്രതികൾ തങ്ങളുടെ മൊബൈലിൽ നിന്നും നിർണായക വിവരങ്ങൾ നശിപ്പിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് പറഞ്ഞത്. തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ മൊബൈൽ ഫോണുകൾ അയച്ച് പരിശോധിച്ചതിൽ നിന്നുമാണ് ഡേറ്റകൾ നശിപ്പിച്ച കാര്യം മനസിലായത്. തുടർന്ന് മുംബയിലെ ലാബിലേക്ക് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം വ്യാപിപ്പിച്ചിരുന്നു.ആറ് ഫോണുകളും കൊച്ചിയിൽ നിന്നും മുംബയിലേക്ക് അയച്ചത് അഭിഭാഷക സംഘമാണ്. അതിന്റെ കൊറിയർ സ്ലിപ്പും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. തെളിവുകൾ നശിപ്പിച്ചതിന് ലാബിനെതിരെയും കേസെടുത്തേക്കും. അതേസമയം ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ കോടതി സമീപിക്കാനുള്ള ഒരുക്കത്തിലാണ് ക്രൈംബ്രാഞ്ച്.