പിന്നാക്ക വിഭാഗത്തിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിന് മകൾക്കെതിരെ വധഭീഷണിയുമായി മന്ത്രി; ജാതിവിവേചനം ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ച മന്ത്രി തന്നെ ഇങ്ങനെ ചെയ്തല്ലോയെന്ന് ജനങ്ങൾ
ബംഗളൂരു: പിന്നാക്ക ജാതിയിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ തന്റെ ജീവൻ അപകടത്തിലാണെന്ന പരാതിയുമായി മന്ത്രിയുടെ മകൾ ബംഗളൂരു പൊലീസ് കമ്മീഷണർ ഓഫീസിൽ അഭയം തേടി. തമിഴ്നാട് ദേവസ്വം മന്ത്രിയും മുതിർന്ന ഡിഎംകെ നേതാവുമായ പി കെ ശേഖർ ബാബുവിന്റെ മകൾ ജയകല്യാണിയാണ് വിവാഹശേഷം ജീവന് സംരക്ഷണം ആവശ്യപ്പെട്ട് എത്തിയത്. ഡിഎംകെ പ്രവർത്തകർ തന്നെയും ഭർത്താവിനെയും മർദിച്ചതായും യുവതി പരാതിപ്പെട്ടു. സംഭവത്തിൽ ദേശീയ വനിതാകമ്മീഷനും യുവതി പരാതി നൽകിയിട്ടുണ്ട്.ആറു വർഷത്തെ പ്രണയത്തിനൊടുവിൽ കഴിഞ്ഞ ദിവസമായിരുന്നു ശേഖർബാബുവിന്റെ ഡ്രൈവറായിരുന്ന സതീഷ് കുമാറും ജയകല്യാണിയും തമ്മിൽ വിവാഹിതരായത്. വീട്ടുകാരുടെ എതിർപ്പ് മറികടന്ന് ഒരു ഹിന്ദു സംഘടനയുടെ സഹായത്തോടെയാണ് ഇവർ വിവാഹിതരായത്. ഇതേത്തുടർന്ന് ഡിഎംകെ പ്രവർത്തകർ സതീഷ് കുമാറിന്റെ വീട്ടിലെത്തി ബന്ധുക്കളെ ഭീഷണിപ്പെടുത്തിയിരുന്നു. രജിസ്റ്റർ ഓഫീസിലെത്തി തങ്ങളെ ഡിഎംകെ പ്രവർത്തകർ കയ്യേറ്റം ചെയ്തതായും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ട് ബംഗളൂരുവിലെത്തിയതെന്നും ജയകല്യാണി പൊലീസിനോട് പറഞ്ഞു. തമിഴ്നാട്ടിലെത്തിയാൽ ഇരുവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറയുന്നു.കഴിഞ്ഞ ആഗസ്തിൽ ആരെയും അറിയിക്കാതെ ജയകല്യാണിയും സതീഷ് കുമാറും വിവാഹം കഴിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ശേഖർബാബു ഇരുവരെയും പിടികൂടുകയും രണ്ട് മാസത്തോളം സതീഷ് കുമാറിനെ പൊലീസ് കസ്റ്റഡിയിൽ വയ്ക്കുകയും ചെയ്തതായും കല്യാണി പറയുന്നു. പിന്നാക്ക വിഭാഗക്കാർക്ക് പ്രവേശനം വിലക്കിയ ക്ഷേത്ര ഭരണസമിതിക്കെതിരെ കർശന നടപടി എടുത്ത മന്ത്രിയാണ് ശേഖർബാബു. ജാതിയുടെ പേരിൽ പ്രവേശനം തടഞ്ഞ യുവതിക്കൊപ്പമിരുന്ന് മന്ത്രി ഭക്ഷണം കഴിക്കുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ജാതിവിവേചനങ്ങളെ ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ച മന്ത്രി സ്വന്തം മകളുടെ കാര്യത്തിൽ സ്വീകരിച്ച നിലപാടിനെതിരെ വിമർശനം ശക്തമാവുകയാണ്.