നമ്പർ 18 പോക്സോ കേസ്: അഞ്ജലിക്ക് ജാമ്യം, റോയ് വയലാട്ടിനും സൈജു തങ്കച്ചനും മുൻകൂർ ജാമ്യമില്ല
കൊച്ചി: നമ്പർ 18 ഹോട്ടൽ പോക്സോ കേസിൽ അഞ്ജലി റിമ ദേവിന് കോടതി മുൻകൂർജാമ്യം അനുവദിച്ചു. മറ്റു പ്രതികളായ ഹോട്ടൽ ഉടമ റോയ് വയലാട്ടിനും സൈജു തങ്കച്ചനും മുൻകൂർ ജാമ്യമില്ല. ഒരു സ്ത്രീ എന്ന പരിഗണന നൽകിയാണ് അഞ്ജലി റിമ ദേവിന് ജാമ്യം നൽകുന്നതെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, റോയ് വയലാട്ടിന്റെയും സൈജു തങ്കച്ചന്റെയും പേരിൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ ഗൗരവമുള്ളതാണ്. മനുഷ്യക്കടത്ത് ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവർക്കും കോടതി ജാമ്യം നിഷേധിച്ചത്.ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ കോടതി വിശദമായി പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി പ്രതികളുടെ ജാമ്യാപേക്ഷകൾ തള്ളിയത്.വയനാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നമ്പർ 18 ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചു എന്നാണ് കേസ്. എന്നാൽ പരാതിക്കാരിയായ പെൺകുട്ടിയുടെ അമ്മയുമായുളള സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുളള തർക്കമാണ് ആരോപണങ്ങൾക്ക് പിന്നിലെന്നാണ് പ്രതികൾ കോടതിയെ അറിയിച്ചത്.അതേസമയം പോക്സോ കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ പ്രതിസ്ഥാനത്തുള്ള അഞ്ജലി റീമദേവിനെതിരെ പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തിൽ ഇരയുടെ പരാതി കിട്ടിയെന്നും ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എവി.ജോർജ് പറഞ്ഞു.