കൊവിഡിനെ ചെറുക്കാൻ ചൈനീസ് വാക്സിൻ സ്വീകരിച്ചവരിൽ കാൻസർ രോഗം കണ്ടെത്തുന്നു, ജനം ഭയപ്പാടിൽ
ബീജിംഗ് : കൊവിഡ് ഭീതിയിൽ വാക്സിൻ സ്വീകരിച്ച ചൈനക്കാർ ഇപ്പോൾ ഭയപ്പാടിൽ. വെളുത്ത രക്താണുക്കളെ ബാധിക്കുന്ന ലുക്കീമിയ കൊവിഡ് വാക്സിൻ എടുത്തവരിൽ അധികമായി റിപ്പോർട്ട് ചെയ്യപ്പെടുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. രോഗം ബാധിക്കുന്നതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇനിയും വന്നിട്ടില്ലെങ്കിലും ചൈനീസ് സമൂഹ മാദ്ധ്യമമായ വീചാറ്റിൽ ഇത് സംബന്ധിച്ച വിവരങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ചൈന വികസിപ്പിച്ച ഏത് വാക്സിനാണ് രോഗം ബാധിച്ചവർ ഉപയോഗിച്ചതെന്ന് വിവരം പുറത്ത് വന്നിട്ടില്ല.വാക്സിനേഷൻ എടുത്തതിന് ശേഷം രക്താർബുദം ബാധിക്കപ്പെടുന്നവരുടെ ആരോഗ്യ പരിശോധനാ വിവരങ്ങൾ ചൈനീസ് നാഷണൽ ഹെൽത്ത് കമ്മീഷൻ ശേഖരിച്ചിട്ടുണ്ട്. അതേസമയം വിവരങ്ങൾ പടരുന്നത് തടയാൻ അധികാരികൾ ശ്രമങ്ങൾ തുടരുന്നുണ്ട്. 2022 മാർച്ച് 3 വരെ ചൈനയിലെ 31 പ്രവിശ്യകളിലായി മൊത്തം 3,147 ദശലക്ഷം ഡോസ് വാക്സിനാണ് ചൈന നൽകിയത്. എന്നാൽ ഇപ്പോഴും ചൈനയ്ക്ക് മഹാമാരിയെ പൂർണമായും പിടിച്ചുകെട്ടാനായിട്ടില്ല. കഴിഞ്ഞ ദിവസവും 526 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 312 എണ്ണം രോഗ ലക്ഷണമില്ലാത്തവയാണ്. ചൈനയുടെ സാമ്പത്തിക തലസ്ഥാനമായ ഷാങ്ഹായ്, വടക്കൻ തുറമുഖ നഗരമായ ക്വിംഗ്ദാവോ, തെക്കൻ നഗരമായ ഡോങ്ഗ്വാൻ എന്നിങ്ങനെ നിരവധി സ്ഥലങ്ങളിൽ കൊവിഡ് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.കൊവിഡിനെ നേരിടാൻ ഇപ്പോഴും ലോക്ക്ഡൗൺ പ്രയോഗിക്കുന്ന ചുരുക്കം രാജ്യങ്ങളിൽ ഒന്നാണ് ചൈന. ‘സീറോ കോവിഡ്’ നയമാണ് ഇക്കാര്യത്തിൽ ചൈന പിന്തുടരുന്നത്. ലോക്ക്ഡൗണും വ്യാപകമായ പരിശോധനയും നടത്തി കൊവിഡിനെ പിടിച്ചുകെട്ടകയാണ് ഇതിലൂടെ ഭരണകൂടം ചെയ്യുന്നത്. ഇത് കൂടാതെ അതിർത്തിയിലുള്ള പ്രദേശങ്ങൾ പൂർണമായും അടച്ച് പൂട്ടിയിരിക്കുകയാണ്.