റഷ്യൻ സൈനികർക്ക് പ്രേതപ്പേടി, തെരുവിൽ മൃതദേഹങ്ങളുടെ കൂമ്പാരം, ആഹാരത്തിനായി മോഷണം
കീവ് : പ്രേതപ്പേടിയിൽ റഷ്യൻ സൈനികർ. യുക്രെയിൻ സൈനികർ കൊന്നുതള്ളിയ തങ്ങളുടെ സഹപ്രവർത്തകരുടെ മൃതദേഹങ്ങളുടെ കൂമ്പാരങ്ങൾ കണ്ടതോടെയാണ് റഷ്യൻ സൈനികരുടെ മനോധൈര്യം ചോർന്നുതുടങ്ങിയത്. ചിലർ മനോനില തെറ്റുന്ന അവസ്ഥവരെ എത്തിയെന്നും റിപ്പോർട്ടുണ്ട്.സൈനിക ശക്തിയിൽ തങ്ങളുടെ മുന്നിൽ ഒന്നുമല്ലാത്ത യുക്രെനെ ദിവസങ്ങൾ കൊണ്ട് തകർത്ത് തരിപ്പണമാക്കാം എന്ന് വിചാരിച്ചാണ് റഷ്യൻ സൈനികർ എത്തിയത്. എന്നാൽ വിചാരിച്ചതിനും അപ്പുറത്തായിരുന്നു കാര്യങ്ങൾ. യുക്രെയിൻ സൈന്യത്തിനൊപ്പം കൈയിൽ കിട്ടിയ ആയുധങ്ങളുമെടുത്ത് നാട്ടുകാർ കൂടി രംഗത്തെത്തിയതോടെ പിടിച്ചുനിൽക്കാൻ ആവാത്ത അവസ്ഥയിലായി. കനത്ത ആൾനാശമാണ് റഷ്യൻ സൈന്യത്തിനുണ്ടായത്. ഒപ്പം വിമാനങ്ങളും ഹെലികോപ്ടറുകളും ടാങ്കുകൾ ഉൾപ്പടെയുള്ള ആയുധങ്ങളും വൻതോതിൽ റഷ്യയ്ക്ക് നഷ്ടപ്പെട്ടു. പതിനായിരത്തിലേറെ റഷ്യൻ സൈനികർ യുക്രെയിനിൽ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. ഇതിനാെപ്പം 46 വിമാനങ്ങൾ, 68 ഹെലികോപ്ടറുകൾ, 290 ടാങ്കുകൾ തുടങ്ങിയവയും നഷ്ടമായി.തെരുവിൽ ചിതറിക്കിടക്കുന്ന റഷ്യൻ സൈനികരുടെ മൃതദേഹങ്ങൾ നീക്കംചെയ്യാൻ പോലും ആരും തയ്യാറാവുന്നില്ല. ഇവ കണ്ടാണ് മറ്റുസൈനികരുടെ മനോധൈര്യം ചോർന്നുപോകുന്നത്. തങ്ങളുടെ മൃതദേഹങ്ങളും നാളെ ഇതുപോലെ തെരുവിൽ കിടന്നേക്കും എന്നാണ് അവരുടെ ഭയം. സൈന്യത്തിൽ ചേർന്നശേഷം ആദ്യമായാണ് ഭൂരിപക്ഷം പേരും ഇത്തരത്തിലൊരു അവസ്ഥ അഭിമുഖീകരിക്കുന്നത്. അതിനാൽ തന്നെ എത്രയും പെട്ടെന്ന് യുദ്ധം അവസാനിപ്പിച്ച് നാട്ടിലെത്തിയാൽ മതിയെന്ന അവസ്ഥയിലാണ് ഭൂരിപക്ഷവും. തങ്ങളുടെ ജീവൻ നഷ്ടപ്പെടാതിരിക്കാനുള്ള നടപടികൾ ഭരണാധികാരികൾ സ്വീകരിക്കുന്നില്ലെന്ന് പരാതിപ്പെടുന്ന സൈനികൾ തങ്ങൾക്ക് ആവശ്യമായ ഭക്ഷണവും ആയുധങ്ങളും കിട്ടുന്നില്ലെന്നും പറയുന്നുണ്ട്. ഭക്ഷണം ലഭിക്കാതെവന്നതോടെ റഷ്യൻ സൈനികർ യുക്രെയിനിലെ സൂപ്പർമാർക്കറ്റുകൾ കൊള്ളയടിക്കാൻ പദ്ധതി ഇടുന്നതായും റിപ്പോർട്ടുണ്ട്.യുദ്ധം ഉടനൊന്നും അവസാനിക്കില്ലെന്നും മാസങ്ങളാേ വർഷങ്ങളോ നീണ്ടുനിന്നേക്കുമെന്നാണ് റഷ്യൻ സൈനികരിൽ ഭൂരിപക്ഷവും കരുതുന്നത്. ലോകരാജ്യങ്ങൾ ഉപരോധം കർശനമാക്കുന്നതിനാൽ ജീവനോടെ നാട്ടിൽ തിരിച്ചെത്തിയാൽ തന്നെ ജീവിക്കാൻ ഏറെ കഷ്ടപ്പെടേണ്ടിവരുമെന്നും അവർ ഭയക്കുന്നു.യുക്രെയിൻ സൈന്യത്തിനുമുന്നിൽ എന്തുചെയ്യണമെന്നറിയാതെ നിലവിളിക്കുന്ന റഷ്യൻ സൈനികരുടെയും പിടിയിലായ സൈനികർക്ക് ആഹാരവും വസ്ത്രവുമുൾപ്പെടെ നൽകി മാന്യമായി പെരുമാറുന്ന യുക്രെയിൻകാരുടെയും ദൃശ്യങ്ങൾ നേരത്തേ മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. എന്നാൽ ഇതിനോടൊന്നും റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. സൈനിക നടപടിക്കിടെ എത്രപേർക്ക് ജീവൻ നഷ്ടപ്പെട്ടു എന്നുള്ള വിവരങ്ങളും റഷ്യ പുറത്തുവിട്ടിട്ടില്ല.