വർക്കലയിലെ തീപിടിത്തം; അസ്വാഭാവികത ഇല്ല, മുറികൾ എല്ലാം പൂട്ടിയ നിലയിലായിരുന്നെന്ന് ഐ ജി
തിരുവനന്തപുരം: വർക്കലയിൽ വീടിന് തീപിടിച്ചതിനെ തുടർന്ന് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിക്കാനിടയായ സംഭവത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ അസ്വാഭാവികതയൊന്നും കണ്ടെത്താനായില്ലെന്ന് ഐ ജി ആർ നിശാന്തിനി. പുക ശ്വസിച്ചതാണ് മരണകാരണമെന്നും ദുരൂഹതകളൊന്നും കണ്ടെത്താനായില്ലെന്നും ഫയർ ആന്റ് റെസ്ക്യൂ ഉദ്യോഗസ്ഥർ നേരത്തേ അറിയിച്ചിരുന്നു
വീട്ടിലെ ഹാളുകൾ പൂർണമായും കത്തിയ നിലയിലായിരുന്നു. റൂമുകളെല്ലാം അടച്ചിട്ടിരുന്നു. സംശയകരമായി ഒന്നും ശ്രദ്ധയിൽപെട്ടിട്ടില്ല. വീടിനുള്ളിലെ ജിപ്സം വർക്കുകൾ തീ പടരാൻ കാരണമായിട്ടുണ്ടാകാം. കൂടുതൽ അന്വേഷണം നടത്താനുണ്ട്. അഞ്ച് പേർ മരിച്ച സംഭവമായതിനാൽ അതിന്റേതായ പ്രാധാന്യം നൽകും. വിദഗ്ദ്ധരെത്തി പരിശോധന തുടരുകയാണ്. ‘- നിശാന്തിനി പറഞ്ഞു. അപകടസ്ഥലം സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.ഇന്ന് പുലർച്ചെയാണ് വർക്കല പുത്തൻചന്തയിലെ പച്ചക്കറി വ്യാപാരിയായ പ്രതാപന്റെ ചെറുന്നിയൂരിലെ വീട്ടിൽ തീപിടിച്ചത്. സംഭവത്തിൽ പ്രതാപൻ(64), ഭാര്യ ഷെർളി(53), മകൻ അഖിൽ(25), മരുമകൾ അഭിരാമി(24), അഭിരാമിയുടെ എട്ടുമാസം പ്രായമായ കുഞ്ഞ് എന്നിവരാണ് മരിച്ചത്. പ്രതാപന്റെ മൂത്തമകൻ നിഖിൽ(29) ഗുരുതരാവസ്ഥയിലാണ്. നിഖിലിന്റെ മൊഴിയെടുത്താൽ മാത്രമേ എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തത വരികയുള്ലു.