അവളുടെ പ്രശ്നങ്ങൾ ഏറ്റെടുത്തപ്പോൾ സൗഹൃദങ്ങൾ നഷ്ടമായി; എങ്കിലും അവൾക്കൊപ്പം തന്നെ; തുറന്നു പറച്ചിലുമായി അഞ്ജലി മേനോൻ
താൻ നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ നടിയെ അഭിനന്ദിച്ച് സംവിധായിക അഞ്ജലി മേനോൻ. അവൾക്കൊപ്പം ഡബ്ല്യുസിസി ഇനിയും പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അഞ്ജലി മേനോൻ തുറന്നുപറഞ്ഞത്.’അതിജീവിത ഒളിച്ചിരിക്കേണ്ട ആളല്ല. തുറന്നു പറഞ്ഞതിന് അവളെ അഭിനന്ദിക്കണം. അവളുടെ തുറന്നു പറച്ചിലുകൾ സമൂഹം കേൾക്കേണ്ടതാണ്. അക്രമത്തിന് ശേഷവും അതിജീവിത നേരിടുന്ന വെല്ലുവിളികളുണ്ട്. ആ യാത്രയാണ് അവരെ ഇരയിൽ നിന്നും അതിജീവിതയിലേക്ക് ആക്കുന്നത്. അവളുമായി അടുത്തു നിൽക്കുന്നവരാണ് എല്ലാവരും.അവളുടെ സ്പിരിറ്റ് ഞങ്ങൾ പലരും ഏറ്റെടുക്കുകയായിരുന്നു. ഞാൻ നേരിട്ട് കണ്ടിട്ടു പോലുമില്ല. പക്ഷേ സ്ത്രീയെന്ന നിലയ്ക്ക് നമുക്കുണ്ടാകുന്ന ഒരു എംപതിയില്ലേ. അതുകൊണ്ടുകൂടിയാണ് ആ യാത്രയിൽ ഒപ്പം നിൽക്കാൻ പറ്റുന്നത്. ഏതൊരു സർവൈവറുടെയും കൂടെ തന്നെ നിൽക്കണം. നമ്മളെ കൊണ്ട് പറ്റാവുന്ന തരത്തിൽ എന്ത് സപ്പോർട്ടും കൊടുക്കാം.മോറൽ സപ്പോർട്ട്, ഇമോഷണൽ സപ്പോർട്ട് അങ്ങനെ അവർക്ക് വേണ്ട പലതുമുണ്ട്. എല്ലാവരെയും സന്തോഷിപ്പിച്ച് മുന്നോട്ട് പോകാനില്ല. നടിയുടെ പ്രശ്നങ്ങൾ ഏറ്റെടുത്തപ്പോൾ സൗഹൃദങ്ങൾ നഷ്ടമായിട്ടുണ്ടെന്നും അധികാര കേന്ദ്രങ്ങളെ ചോദ്യം ചെയ്യുമ്പോൾ ഒരു വിഭാഗം അസ്വസ്ഥരാകുമെന്നും അഞ്ജലി മേനോൻ പറഞ്ഞു.