സംശയം തീർക്കാൻ അദ്ധ്യാപിക പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചപ്പോൾ ഡി ജി പി ഡൽഹിയിൽ, പൊലീസ് മേധാവിയുടെ പേരിൽ 14 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി ഒടുവിൽ പിടിയിൽ
തിരുവനന്തപുരം : സംസ്ഥാന പൊലീസ് മേധാവിയുടെ പേരിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ച് അദ്ധ്യാപികയെ ഭീഷണിപ്പെടുത്തി പതിനാല് ലക്ഷം കവർന്ന നൈജീരിയൻ സ്വദേശിയെ പൊലീസ് പിടികൂടി. ന്യൂഡൽഹിയിലെ ഉത്തം നഗറിൽ നിന്നുമാണ് നൈജീരിയൻ പൗരനെ തിരുവനന്തപുരം സിറ്റി പൊലീസ് പിടികൂടിയത്. ഡിജിപി അനിൽ കാന്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയ സംഭവം ഏറെ ഗൗരവത്തോടെയാണ് പൊലീസ് അന്വേഷിച്ചത്. കൊല്ലം കുണ്ടറ സ്വദേശിയായ അദ്ധ്യാപികയ്ക്കാണ് പണം നഷ്ടമായത്.ഓൺലൈൻ ലോട്ടറിയായി വലിയ തുക സമ്മാനം അടിച്ചു എന്നാണ് അദ്ധ്യാപികയ്ക്ക് ആദ്യം സന്ദേശം ലഭിച്ചത്. എന്നാൽ ഇതിൽ അദ്ധ്യാപിക സംശയം പ്രകടിപ്പിച്ചപ്പോൾ സംസ്ഥാന ഡി ജി പിയുടെ പേരിൽ വാട്സാപ്പിൽ മെസേജ് വന്നു. സമ്മാനത്തുക കിട്ടിയതിനാൽ പതിനാല് ലക്ഷം രൂപ ടാക്സ് അടയ്ക്കാനാണ് സന്ദേശം വന്നത്. രൂപ അടച്ചില്ലെങ്കിൽ നിയമ നടപടി നേരിടണമെന്നും, താൻ ഇപ്പോൾ ഡൽഹിയിലാണെന്നും ഡിജിപിയുടെ സന്ദേശം വന്നു. ഇതോടെ അദ്ധ്യാപിക കാരണം അറിയുന്നതിനായി തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചു. എന്നാൽ ഡി ജി പി ഡൽഹിയിലാണെന്നാണ് മറുപടി ലഭിച്ചത്.ഇതോടെ സന്ദേശം അയച്ചത് ഡി ജി പിയാണെന്ന് ഉറപ്പിച്ച അദ്ധ്യാപിക പണം കൈമാറുകയായിരുന്നു. എന്നാൽ പിന്നീട് കബളിപ്പിക്കപ്പെട്ടു എന്ന് മനസിലാക്കിയതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. അദ്ധ്യാപികയ്ക്ക് സന്ദേശം അയച്ച നമ്പർ ആസാമിൽ നിന്നുള്ളതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.