സോണിയയുടെ സന്ദേശവുമായി രാഹുൽ ഗാന്ധി പാണക്കാട്ടെത്തി; വിയോഗം അതീവ ദുഃഖത്തിലാഴ്ത്തിയെന്ന് കോൺഗ്രസ് അദ്ധ്യക്ഷ
പാണക്കാട്: മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റും ആത്മീയാചാര്യനുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ കുടുംബത്തെ ആശ്വസിപ്പിക്കാൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ പ്രതിനിധിയായി മകൻ രാഹുൽ ഗാന്ധി പാണക്കാട്ടെത്തി. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് കോൺഗ്രസ് നേതാക്കൾക്കൊപ്പം രാഹുൽ എത്തിയത്.പതിനഞ്ച് മിനിട്ടോളം ഹൈദരലി തങ്ങളുടെ കുടുംബത്തോടൊപ്പം ചെലവഴിച്ച രാഹുൽ മുസ്ളീം ലീഗ് സംസ്ഥാന അദ്ധ്യക്ഷ പദവിയിലേക്ക് പുതുതായി നിയോഗിക്കപ്പെട്ട ഹൈദരലി തങ്ങളുടെ സഹോദരനായ സാദിഖ് അലി ശിഹാബ് തങ്ങൾക്ക് സോണിയയുടെ സന്ദേശം കൈമാറി. ഉന്നതവും മഹനീയവുമായ വ്യക്തിത്വത്തിന് ഉടമായായ ഹൈദരലി തങ്ങളുടെ ദേഹവിയോഗം അതീവ ദുഃഖത്തിലാഴ്ത്തിയെന്ന് സോണിയ ഗാന്ധി പറഞ്ഞു. ജാതി മത രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി എല്ലാവരാലും ബഹുമാനിക്കപ്പെടുന്നയാളായിരുന്നു അദ്ദേഹം. സാധാരണക്കാരുടെയും സമുദായത്തിന്റെയും പ്രശ്നങ്ങൾ അദ്ദേഹം മനസിലാക്കുകയും അവർക്ക് വേണ്ടി പ്രതിബദ്ധതയോടെ ഊർജസ്വലനായി പ്രവർത്തിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വേർപാട് നികത്താനാവില്ല. എന്നിരുന്നാലും അദ്ദേഹത്തിന്റെ മഹത്തായ പാരമ്പര്യം വരുംതലമുറ നിലനിർത്തുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും സോണിയ സന്ദേശത്തിൽ വ്യക്തമാക്കി. ഇംഗ്ളീഷിലുള്ള സന്ദേശം ലീഗ് ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം എൽ എയാണ് വായിച്ചത്.ഇങ്ങനെയൊരു സാഹചര്യത്തിൽ ഇവിടേക്ക് വരേണ്ടിവന്നതിൽ അതിയായ ദുഃഖമുണ്ടെന്ന് രാഹുൽ ഗാന്ധി സന്ദേശം വായിച്ചതിന് പിന്നാലെ സാദിഖലി തങ്ങളെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു. ഉന്നതനേതാവിനെയാണ് തങ്ങൾക്ക് നഷ്ടപ്പെട്ടതെന്നും അദ്ദേഹം രാഷ്ട്രീയനേതാവും ആത്മീയ നേതാവും ആയിരുന്നെന്നും രാഹുൽ പറഞ്ഞു. അദ്ദേഹത്തിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട്. നമ്മൾ അദ്ദേഹത്തിന്റെ പാത പിന്തുടരുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു. രാഹുൽ വന്നത് ഏറെ ആശ്വാസം പകരുന്നതാണെന്ന് സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്ന അവസരത്തിൽ തിരക്കുകൾ മാറ്റിവച്ച് രാഹുൽ വന്നത് തങ്ങളോടുള്ള സ്നേഹം മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് വി ഡി സതീഷൻ, എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ തുടങ്ങിയവർ രാഹുൽ ഗാന്ധിക്ക് ഒപ്പമുണ്ടായിരുന്നു.