ദിലീപിന് തിരിച്ചടി: നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന ഹർജി തള്ളി, ഏപ്രിൽ 15നകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണം റദ്ദാക്കണമെന്ന നടൻ ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സൗഭർ ഇടപ്രകത്തിന്റെ ബെഞ്ചാണ് ഹർജി തള്ളിയത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് തുടരന്വേഷണവുമായി മുന്നോട്ടു പോകാമെന്നും, ഏപ്രിൽ 15നകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നുമാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്.കേസിന്റെ വിസ്താരം അവസാനഘട്ടത്തിൽ എത്തി നിൽക്കെ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം തുടരന്വേഷണം നടത്തിയിരുന്നു. ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ദിലീപിന്റെ പക്കൽ നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ എത്തിയോ എന്നതാണ് പൊലീസ് പ്രധാനമായും അന്വേഷിച്ചത്. അത് ചോദ്യം ചെയ്തുകൊണ്ടാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.ഹർജി പരിഗണിച്ചുകൊണ്ടാണ് ക്രൈം ബ്രാഞ്ചിന് അന്വേഷണം തുടരാമെന്നും ഏപ്രിൽ 15നകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടത്. വിസ്താരം അവസാനഘട്ടത്തിൽ എത്തിനിൽക്കെ തുടരന്വേഷണം പാടില്ല എന്ന ചട്ടമില്ലെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചുകൊണ്ട് ദിലീപിന്റെ ഹർജി കോടതി തള്ളുകയായിരുന്നു. തുടരന്വേഷണം നടത്തുന്നതിന് എന്താണ് കുഴപ്പമെന്നും, സത്യം തെളിയട്ടെ എന്നും ദിലീപിന്റെ അഭിഭാഷകരോട് കോടതി ചോദിച്ചു. മാത്രമല്ല, ബാലചന്ദ്രകുമാറിന്റെ വിശ്വാസ്യതയെ കുറിച്ച് ഈ ഘട്ടത്തിൽ അഭിപ്രായമൊന്നും പറയുന്നിലെന്നും കോടതി വ്യക്തമാക്കി.